Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightആറ്റിങ്ങൽ...

ആറ്റിങ്ങൽ അട്ടിമറിയുമോ..?

text_fields
bookmark_border
ആറ്റിങ്ങൽ അട്ടിമറിയുമോ..?
cancel
camera_alt

ഒ.എസ്. അംബിക, സന്തോഷ് ഭദ്രൻ, അഡ്വ. പി. സുധീർ

ആറ്റിങ്ങല്‍: 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ പൂർണമായും ഉടച്ചുവാർക്കപ്പെട്ട മണ്ഡലമാണ് ആറ്റിങ്ങൽ. ഇടതുപക്ഷത്തിന് കൂടുതല്‍ വളക്കൂറുള്ള മണ്ണായി പുനർനിർണയം ആറ്റിങ്ങലിനെ മാറ്റി. 2024 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ഞെട്ടിച്ച് എൻ.ഡി.എ മുന്നിലെത്തി. അതേസമയം മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതാപത്തോടെ ഇടതുപക്ഷം മുന്നിലെത്തി. വെറും രാഷ്ട്രീയം നോക്കിയല്ല മണ്ഡലത്തിലെ ജനഹിതം നിർണയിക്കപ്പെടുന്നതെന്നും വിലയിരുത്താം.

ആറ്റിങ്ങൽ നഗരസഭയും, വക്കം, മണമ്പൂര്, ഒറ്റൂർ, ചെറുന്നിയൂർ, കരവാരം, നഗരൂർ, പുളിമാത്ത്, പഴയ കുന്നുമ്മേൽ, കിളിമാനൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ നിയമസഭ മണ്ഡലം. മണമ്പൂർ പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് ഭരണം. അതും എൽ.ഡി.എഫ് വിമതന്റെ പിന്തുണയിൽ നറുക്കെടുപ്പിലൂടെ കിട്ടിയതാണ്. എൽ.ഡി.എഫ് 20 പഞ്ചായത്ത് അംഗങ്ങളെ അധികം നേടിയപ്പോൾ യു.ഡി.എഫിന് 11, ബി.ജെ.പിക്ക് ആറ് അംഗങ്ങൾ കുറഞ്ഞു.

മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ മുതല്‍ വര്‍ത്തമാനകാല വിവാദ വിഷയങ്ങള്‍ വരെ പ്രചാരണ രംഗത്ത് ചര്‍ച്ചയാണ്. സംസ്ഥാന സര്‍ക്കാറിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇടതു പ്രചരണം. വികസന തുടര്‍ച്ചക്ക് വേണ്ടിയാണ് എൽ.ഡി.എഫ് വോട്ടഭ്യർഥന.

മണ്ഡലത്തിലെ പട്ടികജാതി സങ്കേതങ്ങളുടെ ശോചനീയാവസ്ഥയും പല ഭാഗത്തും വേനല്‍ക്കാലത്ത് നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്‌നവും ഗ്രാമീണ റോഡുകളുടെ തകർച്ചയും പ്രാദേശിക വികസന പ്രശ്‌നങ്ങളായി യു.ഡി.എഫ് എടുത്ത് കാട്ടുന്നു. എടുത്തുപറയാവുന്ന ഒരു വികസന പദ്ധതിയും കൊണ്ടുവരാൻ ആയിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.

സംസ്ഥാന സർക്കാറിനെതിരെയും നിലവിലെ എം.എൽ.എക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി പ്രചാരണം. ഇതിന്‍റെ ഭാഗമായി എം.എൽ.എ ഓഫിസിലേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ചിരുന്നു.

വിവാദമായ ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെ ഇതര വിഷയങ്ങളും പ്രതിപക്ഷ കക്ഷികള്‍ പ്രചാരണായുധമാക്കുന്നു.

സ്ഥാനാർഥികൾ

ഒ.എസ്. അംബിക (എൽ.ഡി.എഫ്)

സിറ്റിങ് എം.എൽ.എ ഒ.എസ്. അംബികയാണ് എല്‍.ഡി.എഫ് സ്ഥാനാർഥി. ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്‍റ്, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിൽ രണ്ടുതവണ വീതം പ്രവർത്തിച്ചു. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

സന്തോഷ് ഭദ്രൻ (യു.ഡി.എഫ്)

ആർ.എസ്.പിയിലെ സന്തോഷ് ഭദ്രനാണ് യു.ഡി.എഫ് സ്ഥാനാർഥി. ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗവും ആർ.എസ്.പി ജില്ല കമ്മിറ്റി അംഗവുമാണ്. ആറ്റിങ്ങൽ കോളജ് യൂനിയൻ ചെയർമാൻ, യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

അഡ്വ. പി. സുധീർ (എൻ.ഡി.എ)

എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. പി. സുധീറാണ് മത്സര രംഗത്തുള്ളത്. ദീര്‍ഘകാലമായി ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിന്റെ സംഘടന ചുമതലയുമായി ബന്ധപ്പെട്ട് സുധീര്‍ മണ്ഡലത്തിലുണ്ട്.

Show Full Article
TAGS:localnews Kerala Assembly Election 2026 
News Summary - Will Attingal be overthrown?
Next Story