Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവാമനപുരം കോട്ടയിൽ...

വാമനപുരം കോട്ടയിൽ വിള്ളൽ വീഴുമോ..?

text_fields
bookmark_border
വാമനപുരം കോട്ടയിൽ വിള്ളൽ വീഴുമോ..?
cancel

തിരുവനന്തപുരം: ജില്ലയിൽ ഇടതുപക്ഷത്തിന്‍റെ ചെങ്കോട്ടയെന്ന അറിയപ്പെടുന്ന വാമനപുരം മണ്ഡലത്തിൽ ഇക്കുറി ആരാകും രാജാവ്? മണ്ഡലത്തിൽ കഴിഞ്ഞ 10 തവണയും സി.പി.എം തേരോട്ടമാണ്. സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ സി.പി.എമ്മും യുവരക്തത്തെ ഇറക്കി അട്ടിമറി വിജയം പ്രതീക്ഷിച്ച് കോൺഗ്രസും പോരാട്ടം തുടങ്ങി. ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയാണ് എൻ.ഡി.എക്കായി കളത്തിലിറങ്ങിയത്. ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഡി.കെ. മുരളി തന്നെയാണ് ഇടതുപക്ഷ മുന്നണിയുടെ അമരത്ത്. ജില്ലയിലെ യുവനേതാക്കളിൽ പ്രമുഖനായ മുഹമ്മദ് സുധീർഷാ പാലോടിനെയാണ് യു.ഡി.എഫ് വീറുറ്റ പോരാട്ടത്തിനിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് കല്ലറ ഡിവിഷനിൽ വിജയക്കൊടി പാറിച്ച അനുഭവ സമ്പത്തുമായാണ് നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ബി.ഡി.ജെ.എസിലെ വേണുവാണ് എൻ.ഡി.എക്കായി രംഗത്ത്.

ആനാട്, കല്ലറ, നന്ദിയോട്, നെല്ലനാട്, പനവൂർ, പാങ്ങോട്, പെരിങ്ങമ്മല, പുല്ലമ്പാറ, വാമനപുരം തുടങ്ങിയ പഞ്ചായത്തുകള്‍ ഉൾപ്പെടുന്നതാണ് വാമനപുരം മണ്ഡലം. 1977ൽ എൻ. വാസുദേവൻ പിള്ളയിൽ തുടങ്ങിയ ജൈത്രയാത്രയാണ് ഇടതുപക്ഷം വാമനപുരത്ത് തുടരുന്നത്. കഴിഞ്ഞ 10 വർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഡി.കെ. മുരളി പ്രചാരണരംഗത്തുള്ളത്. വർഷങ്ങളായി സി.പി.എം ജയിച്ച് വരുന്ന മണ്ഡലമാണെങ്കിലും ശക്തമായ മത്സരത്തിനുള്ള സാധ്യത മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളാണ് മുന്നണി നടത്തുന്നത്. സി.പി.എം കോട്ട പിടിച്ചെടുക്കാൻ മണ്ഡലത്തിൽ സ്വാധീനമുള്ള യുവനേതാവിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. സുധീർഷായുടെ വ്യക്തി ബന്ധങ്ങളും വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. വികസനപ്രവർത്തനങ്ങൾ വെറും കടലാസിലാണെന്നാണ് യു.ഡി.എഫ് പ്രചാരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് ഇടതുകോട്ടയെ ഞെട്ടിച്ച് മണ്ഡലത്തിൽ ലീഡ് നേടിയതും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു.

ഈഴവ സമുദായത്തിന്‍റെ സ്വാധീനത്തിൽ ശക്തമായ വെല്ലുവിളി ഉയർത്താനാകുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്‍റെ പ്രതീക്ഷ. ബി.എസ്.പിക്കായി വി.എ. വിപിൻലാലും ഡി.എച്ച്.ആർ.എ സ്ഥാനാർഥിയായി ആർ. രതീഷും മത്സരരംഗത്തുണ്ട്. സി.പി.എം സ്ഥാനാർഥി ഡി.കെ. മുരളിക്ക് അപരനായി ജി. മുരളീധരൻ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയിട്ടുണ്ട്.

നാമനിർദേശ പത്രിക സമർപ്പണവും സൂക്ഷ്മപരിശോധനയും പൂർത്തിയായതോടെ മണ്ഡലത്തിൽ സ്ഥാനാർഥികൾ സജീവമായി. റോഡ് ഷോയും പ്രചാരണ യോഗങ്ങളും ഗൃഹസമ്പർക്കവും തകൃതിയാണ്. ഓരോ മുന്നണി സ്ഥാനാർഥിക്കൊപ്പവും വലിയ കൂട്ടം അണികളുള്ളതാണ് പ്രത്യേകത. മുദ്രാവാക്യം വിളികളുടെ ആവേശത്തോടെ നിറഞ്ഞ പുഞ്ചിരിയുമായി സ്ഥാനാർഥികൾ ജനങ്ങളുടെ ഇടയിലൂടെ പ്രയാണം തുടരുകയാണ്. അവസാനലാപ്പിൽ മുന്നിലെത്താൻ സർവതന്ത്രവും പയറ്റി മുന്നേറുകയാണ്.

Show Full Article
TAGS:Thiruvananthapuram localnews Kerala Assembly Election 2026 
News Summary - Will the Vamanapuram fort develop cracks?
Next Story