വിമാനത്താവള അതോറിറ്റിയുടെ അനുമതിയില്ലാതെ ബഹുനില മന്ദിരങ്ങള്‍ ഉയരുന്നു
text_fieldsശംഖുംമുഖം: വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി) വാങ്ങാതെ നിയന്ത്രിത മേഖലയിൽ ബഹുനില മന്ദിരങ്ങള്‍ ഉയരുന്നു. വിമാനത്താവള സുരക്ഷയെ ബാധിക്കുന്നവിധം ബഹുനില മന്ദിരങ്ങള്‍ വിമാനത്താവള അതോറിറ്റി തയാറാക്കിയ കളര്‍ സോണ്‍ ഏരിയയില്‍ ഉയരുന്നതായാണ് പരാതി. ഇതില്‍ പലതിനും നഗരസഭ അനധികൃതമായി കെട്ടിട നമ്പർ നല്‍കുന്നുമുണ്ട്.
വിമാനത്താവള സുരക്ഷയും ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് നേരത്തെ കളര്‍ സോണാക്കി നിശ്ചയിച്ചിട്ടുള്ളത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ്. ഇവിടെ 16 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ നിര്‍മിക്കേണ്ട കെട്ടിടങ്ങള്‍ക്ക് വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപപത്രം ആവശ്യമാണ്. ഇതു വാങ്ങി നഗരസഭയില്‍ കെട്ടിട പ്ലാനിനൊപ്പം സമര്‍പ്പിച്ചാല്‍ മാത്രമേ നഗരസഭ കെട്ടിട നിർമാണ പെര്‍മിറ്റ് നല്കാന് പാടുള്ളൂവെന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കപ്പെടാത്ത സാഹചര്യമാണ്.
വിമാനത്താവള അതോറിറ്റിയില്‍ എൻ.ഒ.സി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. ഇതിന് പ്രത്യേക ഫീസ് ഈടാക്കുന്നില്ല. എന്നാല്‍ കെട്ടിട നിർമാണ പെര്‍മിറ്റ് എടുത്തുകൊടുക്കുന്ന സംഘങ്ങള്‍ ഇതിന്റെ പേരില്‍ ഉപഭോക്താക്കളില്‍നിന്നും അമിതമായ തുക ഈടാക്കുന്നുവെന്ന പരാതിയും നിലനിൽക്കുന്നു. വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിൽ ബഹുനില മന്ദിരങ്ങള്‍ ഉയരുന്നത് വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് പ്രയാസമുണ്ടാക്കുന്നു. തിരുവനന്തപുരത്ത് ലാന്‍ഡിങ്ങും ടേക്ക് ഓഫും ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടാണെന്ന് പൈലറ്റുമാര്‍ നേരത്തെ തന്നെ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്.
ടൈറ്റാനിയം ഫാക്ടറിയിലെ ഉയരം കൂടിയ ചിമ്മിനിയും ഓൾസെയിൻസ് കോളജിന്റെ ഭാഗം മുതൽ വേളി വരെയുള്ള ഭാഗത്തെ ഉയരം കൂടിയ തെങ്ങിന്കൂട്ടവുമാണ് റണ്‍വേയുടെ കാഴ്ച്ച മറക്കുന്നതിന്റെ പ്രധാനഘടകം. ഇതിനൊപ്പം ഉയരം കൂടി കെട്ടിടങ്ങള്‍ കൂടി വ്യാപകമാവുന്നത് പൈലറ്റുമാർക്ക് റണ്‍വേ കൃത്യമായി കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും. റണ്‍വേ കാണാതെ വിമാനം ഇറക്കാനുള്ള സംവിധാനങ്ങളുണ്ടങ്കിലും എപ്പോഴും ഇത് സുരക്ഷിതമല്ലെന്ന് പൈലറ്റുമാര്‍ പറയുന്നു.