തിരുവനന്തപുരം റവന്യൂ ജില്ല കായികമേള; തിരുവനന്തപുരം നോർത്തിന് കിരീടം
text_fieldsതിരുവനന്തപുരം ജില്ല സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ നോർത്ത് ഉപജില്ല ടീം
ആറ്റിങ്ങൽ: റവന്യൂ ജില്ല കായികമേളയിൽ തിരുവനന്തപുരം നോർത്തിന് കിരീടം. ഏഴുവർഷത്തെ നെയ്യാറ്റിൻകര ഉപജില്ലയുടെ കുത്തക തകർത്താണ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചിറകിലേറി നോർത്ത് കപ്പടിച്ചത്. 11 സ്വർണവും 10 വെള്ളിയും 13 വെങ്കലവുമടക്കം 126 പോയന്റുമായാണ് നോർത്തിന്റെ തേരോട്ടം.
അതേസമയം 10 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 118 പോയന്റുമായി രണ്ടാം സ്ഥാനത്ത് എത്താനെ നെയ്യാറ്റിൻകരക്ക് കഴിഞ്ഞുള്ളൂ. അഞ്ച് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവുമടക്കം 63 പോയന്റ് നേടി കിളിമാനൂർ ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. മികച്ച സർക്കാർ സ്കൂളിനുള്ള പുരസ്കാരം തുടർച്ചയായ ഏഴാം വർഷവും അരുമാനൂർ എം.വി.എച്ച്.എസ്.എസ് നേടി. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 46 പോയന്റാണ് അരുമാനൂരിനുള്ളത്. 23 പോയന്റുമായി പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളും പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംകുളവും രണ്ടാം സ്ഥാനം പങ്കിട്ടു.
അതേസമയം കായിക സ്കൂളുകളുടെ പോരാട്ടത്തിൽ ജി.വി.രാജ ഇത്തവണയും കിരീടം നിലനിറുത്തി. 255 പോയന്റുകളാണ് ജി.വി. രാജയുടെ കുട്ടികൾ സ്വന്തമാക്കിയത്. അയ്യങ്കാളി സ്പോർട്സ് സ്കൂൾ 65.5 ഉം തിരുവനന്തപുരം സായി 11 പോയന്റും ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്പോർട്സ് സ്കൂൾ 7.5 പോയന്റും നേടി.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന സമാപനം സമ്മേളനം എം.എൽ.എ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു. മൂന്നുദിവസമായി നടന്ന മേളയിൽ 12 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തോളം കായികതാരങ്ങളാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മാറ്റുരച്ചത്. ഓരോ മത്സരത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ ഈ മാസം 21 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളക്ക് യോഗ്യത നേടിയിട്ടുണ്ട്.


