ഉപകരണം കേടാക്കുന്നത് മെഡിക്കൽ കോളജിൽ പുത്തരിയല്ല; പുറത്തുവരുന്നത് കാലങ്ങൾ പഴക്കമുള്ള കള്ളക്കളികൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽകോളജിലെ യൂറോളജി വിഭാഗത്തിൽ ‘മോസിലേറ്റർ’ ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് വകുപ്പിൽ നടന്നുവരുന്ന കാലങ്ങൾ പഴക്കമുള്ള കള്ളക്കളിയിലേക്ക്. മൂത്രാശയക്കല്ല് കണ്ടെത്തി ശസ്ക്രിയ നടത്താൻ ഉപയോഗിക്കുന്ന മോസിലേറ്റർ ഉപകരണം അടക്കം കേടാക്കുന്ന വിരുതൻമാർ പലവട്ടം പിടിയിലായിരുന്നു. രാത്രി ഇരുട്ടി വെളുത്തപ്പോൾ ആരോപണ വിധേയനെ പിരിച്ചുവിട്ട സംഭവവും മെഡിക്കൽ കോളജിൽ ഉണ്ടായി. അറ്റൻഡർ മുതൽ ഉത്തരവാദപ്പെട്ടവർ വരെ ഉപകരണം കേടാക്കുന്ന സംഘത്തിലുണ്ടത്രേ.
എന്നാൽ ഡോ. ഹാരിസ് വകുപ്പ് മേധാവിയായതോടെ കള്ളകളികൾ പലതും കുറഞ്ഞു. യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണം ഇല്ലെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണത്തിൽ ഒരു ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞദിവസം ഡോ. ഹാരിസ് ചിറക്കലിനെതിരെ വകുപ്പ് സ്വീകരിച്ച കാരണം കാണിക്കൽ നോട്ടീസ് സംബന്ധിച്ച് പ്രതികരിച്ച മന്ത്രി വീണ ജോർജ് ഒരു ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.
ഡോക്ടറുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെടുത്തി ഉപകരണം കൂടി കാണാനില്ലെന്ന് മന്ത്രി പറഞ്ഞതോടെ പ്രതിക്കൂട്ടിലായത് ഡോ. ഹാരിസ് ചിറക്കലാണ്. രണ്ടുവർഷം മുമ്പുനടന്ന സംഭവവമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അന്ന് ഡോക്ടർ ഹാരിസ് യൂറോളജി വകുപ്പ് മേധാവിയല്ല. മുമ്പ് നടന്ന സംഭവത്തിൽ പിരിച്ചുവിട്ട അറ്റൻഡർ പലപ്പോഴും ഡോക്ടറുടെ അഭാവത്തിൽ ശസ്ത്രക്രിയ തിയറ്ററിൽ പ്രവേശിക്കാറുണ്ടെന്നും കണ്ടുപഠിച്ച ചില ചികിത്സകൾ നടത്താറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
ഈ വിരുതൻ കമ്പനികളിൽ നിന്ന് കമീഷൻ തട്ടാൻ യന്ത്രത്തിന്റെ വയർ മുറിച്ചുമാറ്റുന്നതും പതിവാക്കിയിരുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഒറ്റ രാത്രികൊണ്ട് 10 വർഷത്തിലേറെയായി യൂറോളജിയിൽ വിലസിയ വിരുതനെ പുറത്താക്കി. അന്വേഷണമോ തുടർനടപടികളോ ഉണ്ടായില്ല. 2023ൽ കാലത്ത് ഇതേ യന്ത്രം ഈ വിഭാഗത്തിലെ ചില ഡോക്ടർമാർ കേടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ ആശുപത്രി സൂപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഡി.എം.ഒക്ക് നൽകി.
ഇത് സർക്കാറിന് മുന്നിലെത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. യൂറോളജി വിഭാഗത്തിൽ മാത്രമല്ല, മറ്റ് പല വിഭാഗങ്ങളിലും യന്ത്രത്തകരാർ പതിവാണെന്നും ആരോപണങ്ങളുണ്ട്.