വിഴിഞ്ഞത്ത് മൂന്ന് കണ്ടെയ്നർ കപ്പലുകൾ ഒരേസമയം നങ്കൂരമിട്ടു
text_fieldsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി മൂന്ന് ചരക്ക് കപ്പലുകൾ ഒരേസമയം നങ്കൂരമിട്ടപ്പോൾ
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി മൂന്ന് ചരക്ക് കപ്പലുകൾ ഒരുമിച്ച് നങ്കൂരമിട്ടു. എം.എസ്.സി സുജിൻ, എം.എസ്.സി സോമിൻ, എം.എസ്.സി ടൈഗർ എഫ് എന്നീ ഇടത്തരം കണ്ടെയ്നർ കപ്പലുകളാണ് ഞായറാഴ്ച ഒരേ സമയം ബെർത്തിൽ അടുപ്പിച്ചത്. ഇതാദ്യമായാണ് മൂന്നു കപ്പലുകൾ ഒരുമിച്ച് ബർത്തിൽ അടുപ്പിക്കുന്നത്.
ഇതിനായി 700 മീറ്റർ ദൂരമാണ് ബെർത്തിൽ ആവശ്യമായി വന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് കണ്ടെയ്നർ കപ്പലുകൾ ഒരേ സമയം വിഴിഞ്ഞത്ത് അടുപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ തവിഷി ബെര്‍ത്തില്‍ തുടരുന്നതിനിടെ ഐറ എന്ന എം.എസ്.സിയുടെ കപ്പലാണ് വിഴിഞ്ഞത്ത് അന്ന് നങ്കൂരമിട്ടത്.
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി വിഴിഞ്ഞത്തേക്ക് അയക്കാന്‍ കൂടുതല്‍ കപ്പലുകള്‍ സജ്ജമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.