തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരക്കടിഞ്ഞു
text_fieldsതുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കുരുങ്ങിയ സ്രാവ്
കഴക്കൂട്ടം: തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കൂറ്റൻ സ്രാവ് കുരുങ്ങി. രണ്ട് ടണ്ണിലേറെ തൂക്കം വരുന്ന ഉടുമ്പൻ സ്രാവാണ് കരക്കടിഞ്ഞത്. ഞായറാഴച ഉച്ചക്ക് രണ്ടോടെ തുമ്പ ആറാട്ടുകടവിന് സമീപത്തെ തീരത്താണ് വലയിൽ കുടുങ്ങി സ്രാവ് അവശനിലയിൽ കരയിലെത്തിയത്.
വലപൊട്ടിച്ച് സ്രാവിനെ കടലിലേക്ക് തിരികെ വിടാനുള്ള മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ശ്രമം പരാജയപ്പെട്ടു. നാല് മണിയോടെ സ്രാവ് ചത്തു. ബീമാപള്ളിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ കമ്പവലയിലാണ് സ്രാവ് കുരുങ്ങിയത്. സ്രാവിനെ തള്ളിമാറ്റിയും വടം ഉപയോഗിച്ച് കെട്ടിവലിച്ചും തീരക്കടലിൽ എത്തിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
ചെകിളയിൽ മണൽ കയറിയതിനെ തുടർന്നാണ് സ്രാവിന്റെ ജീവൻ നഷ്ടമായത്. റവന്യൂ, മൃഗസംരക്ഷണ, വനം വകുപ്പ് ഉേദ്യാഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചിടും. ഞായറാഴ്ചയായതിനാൽ നൂറുകണക്കിന് ആളുകളാണ് സ്രാവിനെ കാണാനെത്തിയത്.