തുമ്പ പള്ളിത്തുറയിൽ തിമിംഗല സ്രാവ് ചത്ത് കരക്കടിഞ്ഞു
text_fieldsകഴക്കൂട്ടം: തുമ്പ പള്ളിത്തുറയിൽ തിമിംഗല സ്രാവ് കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ സ്രാവാണ് കരക്കടിഞ്ഞത്. വേളിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ കമ്പവലയിലാണ് തിമിംഗല സ്രാവ് കുരുങ്ങിയത്. പള്ളിത്തുറ വി.എസ്.എസ്.സിക്ക് സമീപത്തെ തീരത്താണ് സ്രാവ് എത്തിയത്.
മത്സ്യത്തൊഴിലാളികൾ വല അറുത്ത് മാറ്റി സ്രാവിനെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമം നടത്തിയെങ്കിലും ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്ന് നടന്നില്ല. ഏതാണ്ട് അര ടൺ ഭാരം വരും.
തീരദേശ പൊലീസ്, മൃഗഡോക്ടർ എന്നിവർ സ്ഥലത്ത് എത്തി. ഒരു മാസം മുമ്പ് തുമ്പ, സെന്റ് ആൻഡ്രൂസ് തീരങ്ങളിൽ രണ്ട് തവണ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങി കൂറ്റൻ സ്രാവുകൾ കരയിൽ എത്തിയിരുന്നു. ഇതിൽ ഒന്നര ടൺ ഭാരം വരുന്ന ഒരു സ്രാവിന്റെ ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്ന് കരയിൽ കുഴിച്ച് മൂടുകയായിരുന്നു.