സോഷ്യൽ ഫോറസ്ട്രിക്ക് ബാധ്യതയായി ‘ഒരുദിവസം പോലും ഓടാത്ത’ ട്രോളി വാഹനം
text_fieldsവനം വകുപ്പിന്റെ പി.ടി.പി ആസ്ഥാനത്ത് തുരുമ്പെടുത്ത് നശിക്കുന്ന ട്രോളി വാഹനം
തിരുവനന്തപുരം: വനംവകുപ്പിന് കീഴിലെ പൂജപ്പുര സോഷ്യൽ ഫോറസ്ട്രി നഴ്സറിക്കായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ ട്രോളി വാഹനം ഉപയോഗശൂന്യമായി. വനംവകുപ്പിന്റെ പി.ടി.പി ആസ്ഥാ നത്ത് തുരുമ്പുകേറിയ നിലയിൽ ഉപേക്ഷിച്ചിരിക്കുന്ന ഈ ട്രോളിവാഹനം വനംവകുപ്പിന്റെ പ്രോപ്പർട്ടി പട്ടികയിലോ പർച്ചേസ് ലിസ്റ്റിലോ ഇല്ല എന്നത് ഗൗരവം വർധിപ്പിക്കുന്നു. 2020-21 കാലഘട്ടത്തിലാണ് സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായ സോഷ്യൽ ഫോറസ്ട്രിക്കായി ഈ ട്രോളി വാഹനം വാങ്ങിയത്. ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപമുടക്കി വാങ്ങിയ വാഹനം ഒരുദിവസം പോലും ഓട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അറിയുന്നു.
സോഷ്യൽ ഫോറസ്ട്രിക്കായി തൈകൾ ഉൽപാദിപ്പിക്കുന്ന പാലോട്, മൈല മുട്ടിൽന്നും തൈകൾ പൂജപ്പുര നഴ്സിയിലേക്ക് കൊണ്ടുവരുന്നതിനും ആവശ്യപ്പെടുന്നത് അനുസരിച്ച് സർക്കാർ സ്ഥാപനങ്ങളിലടക്കം ഈ തൈകൾ എത്തിച്ച് നൽകുന്നതിനുമാണ് ഈ ട്രോളി വാഹനം വാങ്ങിയത്. ജീപ്പിന് പിന്നിൽ ഘടിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ജീപ്പിന് പിന്നിൽ ഘടിപ്പിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ ഡ്രൈവർമാർക്ക് പരിശീലനവും നൽകിയിട്ടില്ല. അതിനാലാണത്രേ വാങ്ങിയ അന്നുമുതൽ ഉപയോഗിക്കാനറിയാതെ വെയിലും മഴയുമേറ്റ് നശിച്ചുകൊണ്ടിരിക്കുന്നത്.
ട്രോളി വാഹനം മൂലയിൽ ഒതുക്കിയിട്ടശേഷം ഇപ്പോൾ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്ന ജീപ്പുകളിലാണ് ഈ തൈകൾ നഴ്സറിയിലേക്ക് എത്തിക്കുന്നതും വിതരണം നടത്തുന്നതും. തൈകൾ വിതരണം ചെയ്തിട്ടുള്ള സാമൂഹികവനവത്കരണം തന്നെ പാളിയ അവസ്ഥയിലാണ്. വൃക്ഷതൈ വിതരണത്തിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറാനുള്ള തീരുമാനവുമുണ്ട്. പകരം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാവനം പദ്ധതിക്കും നഗരപ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നഗരവനം പദ്ധതിക്കുമാണ് ഇപ്പോൾ പ്രോത്സാഹനം നൽകുന്നത്.