ട്രോളിങ് നിരോധനം; നിരീക്ഷണത്തിന് സംയുക്ത സമിതി രൂപവത്കരിക്കും
text_fieldsതിരുവനന്തപുരം: ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്ന് കലക്ടർ അനുകുമാരി. ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡിന്‍റെ കോപ്പി നിർബന്ധമായും കൈവശം സൂക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നും കർശന നിർദേശം നൽകി.
ഇൻബോർഡ് വള്ളങ്ങൾ പോകുമ്പോൾ ഒരു കാരിയർ വള്ളം മാത്രമേ ഒപ്പം ഉപയോഗിക്കാൻ പാടുള്ളൂ. കടൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂനിയൻ നേതാക്കളും പ്രതിനിധികളും ഉൾപ്പെടുന്ന സംയുക്ത സമിതി രൂപീകരിക്കും. ഈ സമിതി ആഴ്ചയിലൊരിക്കൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വിഴിഞ്ഞം, മുതലപ്പൊഴി മേഖലകളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി അഞ്ചോ ആറോ അംഗങ്ങൾ മാത്രമുള്ള ചെറിയ പ്രത്യേക സമിതികളും രൂപീകരിക്കും. ഇത്തരം സംയുക്ത നീക്കങ്ങളിലൂടെ തീരദേശത്തെ ആശങ്കകൾ പരിഹരിക്കാനും കൂടുതൽ സുരക്ഷിതമായ രീതിയിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്ന് യോഗം വിലയിരുത്തി. സബ് കലക്ടർ ഒ.വി ആൽഫ്രഡ്, എ.ഡി.എം ജി. നിർമ്മൽ കുമാർ, മത്സ്യബന്ധന മേഖലയിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

