യുവാവിനെ മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേര് പിടിയില്‍
text_fieldsഅറസ്റ്റിലായ പ്രതികള്‍
വലിയതുറ: യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് നെട്ടയം കാച്ചാണി എ.കെ.ജി നഗര്‍ ലക്ഷംവീട് കോളനിയില്‍ ആദര്‍ശ് (29), നേമം സ്റ്റുഡിയോ റോഡ് നാഫിയ കോട്ടേജില്‍ വാടകക്ക് താമസിക്കുന്ന നിയാസ് (21) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട പാച്ചല്ലൂര്‍ സ്വദേശി ആര്‍ഷ ഒളിവിലാണ്. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെ വലിയതുറ ജങ്ഷനിലുളള കുരിശ്ശടിക്കു മുന്നിലായിരുന്നു സംഭവം.
വിളവൂര്‍ക്കല്‍ സി.എസ്.ഐ ചര്‍ച്ചിനു സമീപം കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ സിജുവിനെ (28) ആണ് പ്രതികള്‍ മര്‍ദിച്ചത്. കുരിശ്ശടിക്കു മുന്നില്‍ പെണ്‍സുഹൃത്തുമായി നിന്ന് സിജു ഫോട്ടോയെടുക്കുന്ന സമയം കാറില്‍ അതുവഴി വരികയായിരുന്ന പ്രതികള്‍ ഇവരെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച സിജുവിനെ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു. സിജു നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിയാസും ആദര്‍ശും പിടിയിലായത്.
ഒളിവില്‍ പോയ ആര്ഷക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. തിരുവല്ലം പൊലീസിന്റെ ജീപ്പ് അടിച്ചുപൊട്ടിച്ച കേസിലും പൊലീസുകാരെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആദര്‍ശ്. വലിയതുറ എസ്.എച്ച്.ഒ അശോക് കുമാര്‍, എസ്.ഐ ഇന്‍സമാം എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.