പിഴത്തുക 36 ലക്ഷം അടയ്ക്കാനായില്ല: ശിക്ഷ കഴിഞ്ഞും യുവാവ് സൗദി ജയിലിൽ
text_fieldsഷിബു
തിരുവനന്തപുരം: ‘എന്റെ മകൻ ഒരുതെറ്റും ചെയ്തിട്ടില്ല. അവനെ കണ്ടിട്ട് ഏഴുവർഷമായി. കണ്ടിട്ട് മരിക്കണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ, എങ്ങനെയെങ്കിലും സഹായിക്കണം’ -ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച് പിഴത്തുക അടയ്ക്കാൻ കഴിയാതെ സൗദി ജയിലിൽ കഴിയുന്ന വെള്ളറട സ്വദേശി ഷിബുവിന്റെ മാതാവ് പാലമ്മയുടെ വാക്കുകളാണിത്.
വെള്ളറട കുടപ്പനമൂട് വയലിങ്ങൽ റോഡരികത്തു വീട്ടിൽ ഷിബു (45) ആണ് അഞ്ചരവർഷമായി സൗദി ജയിലിൽ കഴിയുന്നത്. 2020 മേയ് 16ന് സുഹൃത്തായ ശ്രീലങ്കൻ സ്വദേശിയെ സഹായിച്ചതിന്റെ പേരിലാണ് പൊലീസ് പിടികൂടിയതെന്ന് കുടുംബം പറയുന്നു. കൊറോണ കാലത്ത് സുഹൃത്തായ ശ്രീലങ്കൻ സ്വദേശിക്ക് അദ്ദേഹത്തിന്റെ കുട്ടിയെ ആശുപത്രിയിലെത്തിക്കാനായി ഡ്രൈവറായ ഷിബു തന്റെ വാഹനം നൽകിയിരുന്നു. എന്നാൽ, ഈ വാഹനം ഉപയോഗിച്ച് മറ്റുചിലർ മോഷണം നടത്തുകയും പൊലീസ് പിടികൂടുകയും ചെയ്തു. വാഹനത്തിന്റെ ഉടമ എന്ന നിലയിലാണ് കേസിൽ ഷിബുവും പ്രതിചേർക്കപ്പെട്ടത്.
രണ്ടുവർഷത്തെ തടവും ഒന്നരലക്ഷം റിയാൽ (36 ലക്ഷം രൂപ) പിഴയൊടുക്കാനുമായിരുന്നു റിയാദ് കോടതിയുടെ ശിക്ഷ. രണ്ടുവർഷത്തെ തടവ് ശിക്ഷ പൂർത്തിയായി മൂന്നര വർഷമായിട്ടും 36 ലക്ഷം രൂപ പിഴത്തുക അടയ്ക്കാൻ കഴിയാത്തതിനാൽ സൗദി റിയാദ് നസീം പൊലീസ് സ്റ്റേഷൻ ജയിലിൽ കഴിയുകയാണ് ഷിബു.
ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന് വയോധികയായ മാതാവും ഭാര്യയും വിദ്യാർഥികളായ മകനും മകളും ഉൾപ്പെടുന്ന കുടുംബത്തിനറിയില്ല. നാട്ടിൽ ആകെയുള്ള വീടും 10 സെന്റ് ഭൂമിയും സഹകരണ ബാങ്കിൽ ഈട് നൽകി വായ്പയെടുത്താണ് ഷിബു സൗദിയിൽ വാഹനം വാങ്ങിയത്. വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി നടപടികളിലേക്ക് നീങ്ങുകയാണ് ബാങ്ക്.
ഷിബുവിന്റെ മോചനത്തിനായി നാട്ടിലെ രാഷ്ട്രീയ പാർട്ടികളും പ്രവാസികളും ചേർന്ന് ഷിബു സഹായസമിതി രൂപവത്കരിച്ച് ഫണ്ട് ശേഖരണം ആരംഭിച്ചെങ്കിലും ലഭിച്ച തുക അപര്യാപ്തമാണ്. സുമനസ്സുകളുടെയും സർക്കാറിന്റെയും സഹായം ഉണ്ടെങ്കിൽ മാത്രമേ ഷിബുവിന്റെ മോചനം സാധ്യമാകൂ.
ഷിബു സഹായ സമിതിയുടെ പേരിൽ എസ്.ബി.ഐ കുടപ്പനമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 44397647389. ഐ.എഫ്.എസ്.സി കോഡ്: SBIN0070588. ഗൂഗിൾപേ നമ്പർ: 9072881436. വാർത്താസമ്മേളനത്തിൽ ഷിബുവിന്റെ മാതാവ് പാലമ്മ, ഭാര്യ സുനിത, മകൻ സോജു, സഹായസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


