വധശ്രമം: പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍
text_fieldsസനല്‍കുമാര്‍
വഞ്ചിയൂര്‍: വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആളെ 20 വര്‍ഷങ്ങള്‍ക്കുശേഷം വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക മാനവനഗര്‍ സ്വദേശി സനല്‍കുമാര്‍ (ലാലു- 42) ആണ് പിടിയിലായത്. 2006 കാലഘട്ടത്തില്‍ വഞ്ചിയൂരില്‍വച്ച് മാണിക്കല്‍ സ്വദേശി സുനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ലാലു.
പൊലീസ് അറസ്റ്റ് ചെയ്ത ലാലു പിന്നീട് മുങ്ങുകയായിരുന്നു. ഒട്ടേറെ കേസുകളിലെ പ്രതിയായ ലാലുവിനെ പിടികൂടാന്‍ പിന്നീട് പൊലീസിന് കഴിഞ്ഞിരുന്നില്ല. നാട്ടുകാരാരും ലാലുവിനെ പിന്നെ കണ്ടിട്ടുമില്ല.
തീര്‍പ്പാകാത്ത പഴയ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് 20 വര്‍ഷം മുമ്പത്തെ കേസിലെ പ്രതിക്കായി വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ചെന്നെത്തിയത് കേരള-കര്‍ണാടക അതിര്‍ത്തിയില്‍.
കാസര്‍കോട്-മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നു കല്യാണം കഴിച്ച് ഭാര്യയും മൂന്നു മക്കളുമായി മുസ്തഫ എന്ന പേരില്‍ കഴിഞ്ഞുവരികയായിരുന്നു. അവിടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യക്കും മക്കള്‍ക്കും ലാലുവിന്റെ പേരില്‍ കേസുളള വിവരം അറിയില്ലായിരുന്നു.
വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അലക്സ്, ജോസ്, സി.പി.ഒ മാരായ ഷാബു, സജീവ്, സുബിന്പ്രസാദ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് ലാലുവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.