വ്യാജ ചെക്ക് നല്കി ഒന്നരക്കോടിയുടെ സ്വര്‍ണം വാങ്ങിയ ദമ്പതികൾ അറസ്റ്റില്‍
text_fieldsഷര്‍മിള രാജീവ്, രാജീവ്
വഞ്ചിയൂര്‍: തിരുവനന്തപുരത്തുളള ജുവലറിയില്‍ നിന്ന് വ്യാജ ചെക്ക് നല്കി ഒരു കോടി എൺപതു ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികളായ ദമ്പതികളെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃപ്പുണിത്തുറ റിഫൈനറി റോഡില്‍ ചോയ്സ് സ്കൂളിനു സമീപം ചോയ്സ് പാരഡൈസ് അപാര്‍ട്ട്മെന്റ് കാര്‍ത്തിക 4 ബിയില്‍ ഷര്‍മിള രാജീവും ഭര്‍ത്താവ് രാജീവുമാണ് അറസ്റ്റിലായത്.
ആഴ്ചകൾ മുമ്പ് തിരുവനന്തപുരം പുളിമൂട്ടിലുളള രാജകുമാരി ജുവലറിയിലെത്തിയ പ്രതികള്‍ വ്യാജ ചെക്ക് നല്കിയ ശേഷം സ്വര്‍ണാഭരണം വാങ്ങുകയും രണ്ട് ദിവസത്തിനുളളില്‍ ചെക്ക് മാറാന്‍ കഴിയുമെന്ന് കളവ് പറഞ്ഞ് ജുവലറി ഉടമകളെ വിശ്വസിപ്പിക്കുകയുമായിരുന്നു. എന്നാല്‍ നാളുകള്‍ ഏറെ കഴിഞ്ഞിട്ടും ചെക്ക് മാറാന്‍ കഴിയാതെ വന്നതോടെ ജുവലറി ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.