സ്വര്‍ണക്കടത്ത്; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍
text_fieldsഅറസ്റ്റിലായവർ
വഞ്ചിയൂര്‍: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തിൽപെട്ട യുവാവിനെ വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ കാറിലെത്തി തട്ടിക്കൊണ്ടുപോയ അഞ്ചംഗസംഘത്തെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വള്ളക്കടവ് പള്ളംവീട് ടി.സി 35 /71-ല്‍ ഹക്കീം (30), പള്ളംവീട് ടി.സി 35 / 379 ല്‍ നിഷാദ് (33), വള്ളക്കടവ് ബോട്ടുപുര ടി.സി 31 /1814 ല്‍ ഷഫീക്ക് (39), വള്ളക്കടവ് ഫാത്തിമ മന്‍സില്‍ ടി.സി - 35 /363 ല്‍ സയിദ് (35), മുട്ടത്തറ രാജീവ് ഗാന്ധി ലെയ്ന്‍ ഷഹീന മന്‍സിലില്‍ ടി.സി - 72 / 33 ല്‍ മാഹീന് (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് കള്ളക്കടത്ത്-ഹവാല സംഘവുമായി ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ച 12.30 ഓടെ തിരുനെല്‍വേലിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍ ആയ തിരുനെല്‍വേലി സ്വദേശി മുഹമ്മദ് ഉമറിനെ (23) യാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ കന്യാകുമാരി സ്വദേശി ആന്റണി ജോര്‍ജ് അലക്സ് കടത്തിക്കൊണ്ടു വന്ന 25 ഓളം പവന് സ്വര്‍ണം വാങ്ങാനായിരുന്നു ഉമര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ അലക്സില്‍നിന്ന് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി 78000 രൂപ നികുതി അടക്കാന്‍ റസീപ്റ്റ് നൽകിയിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ടിന് പുറത്ത് കാത്തുനിന്ന ഉമറിന് റസീപ്റ്റ് കൈമാറിയ ശേഷം അലക്സ് മടങ്ങിപ്പോയി.
ഉമറിന്റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്. വിമാനത്താവളപരിസരത്തുനിന്ന് ഓട്ടോയില്‍ കയറിയ ഉമര്‍ ഡ്രൈവറോട് തിരുനെല്‍വേലിയില്‍ പോകാന്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വിടണമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഓട്ടോ ശ്രീകണ്ഠേശ്വരത്ത് എത്തിയപ്പോഴാണ് പിടിച്ചുപറി സംഘം കാറിലെത്തി ഓട്ടോ തടഞ്ഞ് ഉമറിനെ മര്‍ദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയത്. എന്നാൽ വഴിമധ്യേ ഉമറിന്റെ കൈവശം സ്വര്ണമിെല്ലന്ന് മനസ്സിലാക്കിയ പ്രതികള്‍ ഉമറിനെ ഓവര്‍ബ്രിഡ്ജിനുസമീപം വഴിയില്‍ ഉപേക്ഷിച്ചു. സംഭവശേഷം ഓട്ടോ ഡ്രൈവര്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു.
പിന്നീട് ഡ്യൂട്ടി അടച്ച സ്വര്‍ണം കൈപ്പറ്റാന്‍ അലക്സിനൊപ്പം തിരികെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പൊലീസ് ഉമറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു. ഓരോ ഇടപാടിനും എണ്ണായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പ്രതിഫലം ലഭിച്ചിരുന്നതായി ഉമർ പൊലീസിനോട് പറഞ്ഞു. സംഭവദിവസംതന്നെ പ്രതികള്‍ കൃത്യത്തിനായി വാടകക്കെടുത്ത കാര്‍ പൊലീസ് പൂന്തുറഭാഗത്തുനിന്ന് കണ്ടെടുത്തിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം പൊലീസ് പ്രതികളെ വിവിധയിടങ്ങളില്‍നിന്ന് പിടികൂടിയത്. വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫ്, എസ്.ഐമാരായ അലക്സ്, മഹേഷ്, അജേഷ്, ഇന്‍സമാം, എസ്.സി.പി.ഒ ടിനു, ഷാബു, നിസാമുദ്ദീന്‍, വരുണ്‍, രഞ്ജിത് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.