പേട്ട റെയില്‍വേ സ്റ്റേഷന് പരിസരം കാടുമൂടി; പാമ്പ് ഭീതിയിൽ യാത്രികർ
text_fieldsപേട്ട റെയില്‍വേ സ്റ്റേഷന് പരിസരം കാടുമൂടിയ നിലയില്‍
വഞ്ചിയൂര്‍: പേട്ട റെയില്‍വേ സ്റ്റേഷന് പരിസരത്ത് കാടും വളളിപടര്പ്പുകളും നിറഞ്ഞ് യാത്രികർക്ക് പേടിസ്വപ്നം. പരിസരം കാടുമൂടിയതിനാല്‍ രാത്രി സമയങ്ങളില്‍ പ്ലാറ്റ്ഫോമുകളില്‍ പാമ്പുകളെ കാണാന്‍ കഴിയുന്നതായും പാമ്പു ഭീഷണിയുളളതായും ട്രെയിന്‍ യാത്രികര്‍ ആരോപിക്കുന്നു. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ഒരു ഭാഗത്താണ് കൊടും വനത്തെ വെല്ലുന്ന തരത്തില്‍ കാടും വളളിപടര്പ്പുകളും നിറഞ്ഞിരിക്കുന്നത്. രാത്രിയില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ആവശ്യത്തിന് തെവിവുവിളക്കുകള് പ്രകാശിക്കറില്ലന്നും ആക്ഷേപമുയരുന്നു. റെയില്‍വേ സ്റ്റേഷന് പരിസരത്തും പ്ലാറ്റ് ഫോമുകളിലും ഇഴജന്തുക്കള്‍ കിടന്നാലും കാണാന്‍ കഴിയാത്ത സാഹചര്യമാണ്.
റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് കാടുമൂടിയ സ്ഥലം ഏറെയും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് ഹെഡ് ഓഫീസിനായി അനുവദിച്ചതെന്നാണ് സമീപവാസികള്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ പോലും പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പരിസരം ഇരുളടഞ്ഞ നിലയിലാണ് കാണാന്‍ കഴിയുന്നത്. രാത്രി സമയങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായ്ക്കളുടെ ശല്യം ഏറെയാണ്. ഒറ്റയ്ക്കെത്തുന്ന യാത്രക്കാര്‍ കഷ്ടിച്ചാണ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നത്.
ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ട്രെയിന്‍ യാത്രികര്‍ക്കുണ്ടാകുന്ന വിവിധ തരത്തിലുളള ബന്ധിമുട്ടുകള് ഒഴിവാക്കി പരിസരം പ്രശ്ന രഹിതമാക്കണമെന്നാണ് സമീപവാസികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.