തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡ് പരിസരവും തെരുവുനായ്ക്കളുടെ ഇടത്താവളം
text_fieldsവഞ്ചിയൂർ: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരവും തെരിവുനായ്കളുടെ ഇടത്താവളമായി. രണ്ടിടങ്ങളിലും യാത്രക്കാരുടെ ഇടയിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്കള്‍ പലപ്പോഴും കൂട്ടമായി എത്തി കടിപിടി കൂടുന്നതും വിരണ്ടോടുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
റെയില്‍വേ സ്റ്റേഷനില്‍ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലാണ് നായ്കള്‍ തമ്പടിച്ചിരിക്കുന്നത്. സീറ്റിനടിയില്‍ കിടന്നുറങ്ങുന്ന നായ്കളുടെ ദേഹത്ത് അറിയാതെന്നു മുട്ടിയാല്‍ കടി ഉറപ്പാണ്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് അടുത്തിടെ ആക്രമണ മുണ്ടായതായി യാത്രക്കാര്‍ പറയുന്നു. വിരട്ടിയോടിക്കാതെ ശുചീകരണ തൊഴിലാളികള്‍ മുതല്‍ ആര്.പി.എഫ് ജീവനക്കാര്‍ വരെ നായ്കളെ താലോലിക്കുകയാണ് ചെയ്യുന്നതെന്നാണ് ട്രെയിന്‍ യാത്രക്കാരുടെ പരാതി.
കെ.എസ്.ആര്.ടി സി ബസ് സ്റ്റാന്‍ഡിലെയും അവസ്ഥ മറ്റൊന്നല്ല. പകല്‍സമയങ്ങളില്‍ ബസ് സ്റ്റാന്ഡിനുളളിലും നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്ക്കടിയിലും കിടന്നുറങ്ങുന്ന നായ്കള്‍ ചെറിയൊരു ഒച്ച കേള്‍ക്കുമ്പോള്‍ എണീറ്റ് ഓടി കടിപിടി കൂടുന്ന രീതിയാണ് ഇവിടെയും നടക്കുന്നത്.
നായ്കളുടെ ആക്രമണത്തില്‍ അടുത്തിടെ നിരവധി ബസ് യാത്രികര്‍ക്ക് പരിക്കേറ്റതായി ഓട്ടോ തൊഴിലാളികളും പൊതുജനങ്ങളും പറയുന്നു. യാത്രികരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി അധികൃതർക്ക് നിരവധി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.