ജനറല്‍ ആശുപത്രി പരിസരം കാടുമൂടി; പാമ്പ് ഭീഷണി
text_fieldsതിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കെ.എച്ച്.ആര്.ഡബ്ല്യൂ.എസ് പേവാര്‍ഡിനു സമീപം കാടുമൂടിയ നിലയില്‍.
വഞ്ചിയൂര്‍: തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരം ഒന്നാകെ കാടുമൂടിയ നിലയിലെന്ന് പരക്കെ ആക്ഷേപം. ആശുപത്രി പരിസരം കാടും വളളിപടര്പ്പുകള്കൊണ്ട് മൂടിയതിനാലും പകല്‍ സമയങ്ങളില്‍ പോലും പാമ്പുകളെ കാണാന്‍ കഴിയുന്നതായും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. ഡയാലിസിസ് യൂനിറ്റ് പരിസരം മുതല്‍ വിവിധ വകുപ്പുകളുടെ ഒ.പികള്‍ക്ക് സമീപവും കാടും വളളിപ്പടര്‍പ്പുകളും കാണാന്‍ കഴിയുമെന്നാണ് ആരോപണം. സമയാസമയങ്ങളില്‍ കാട് വെട്ടിമാറ്റാത്തിനാല് ആശുപത്രി സമുച്ചയത്തിനുളളില്‍ പല സ്ഥലങ്ങിലും വനമാണ്. മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കാട് വെട്ടിമാറ്റുമായിരുന്നെന്ന് ജീവനക്കാർ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതിന് മിനക്കെടാറില്ലന്നാണ് പൊതുവേയുളള പരാതി.
കെ.എച്ച്.ആര്.ഡബ്ല്യൂ.എസ് പേവാര്‍ഡിനു സമീപത്തായി കൊടുംകാടിനെ വെല്ലുന്ന തരത്തിലാണ് കാടുകളും വളളിപ്പടര്‍പ്പുകളും നിറഞ്ഞിരിക്കുന്നത്. ഇതിനു സമീപത്തു തന്നെയാണ് ഓപ്പറേഷന് തിയേറ്റര്‍ സമുച്ചയവും കോളജ് ഒഫ് നഴ്സിങ് അനക്സ് കെട്ടിടവും സ്ഥിതി ചെയ്യുന്നത്. പേവാര്‍ഡ് നിലകൊളളുന്ന സ്ഥലത്തേക്ക് പകല്‍ സമയങ്ങളില്‍ പോലും രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് പോകുന്നത്. ഇവിടെ പകല്‍ സമയങ്ങളില്‍ പോലും പാമ്പുകളെ കാണാന്‍ കഴിയുന്നതായി രോഗികളും ജീവനക്കാരും ആരോപിക്കുന്നു.
രാത്രിയായാല്‍ പരിസരത്ത് തെരുവുനായ്ക്കളുടെ കടിപിടിയും ഒച്ചപ്പാടും കാരണവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. നിരവധി രോഗികളുടെ ബന്ധുക്കളാണ് രാത്രികാലങ്ങളില്‍ ആശുപത്രി പരിസരത്ത് അന്തിയുറങ്ങുന്നത്.