വനിത മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാൾ അറസ്റ്റില്‍
text_fieldsസന്തോഷ്
കുമാര്‍
വഞ്ചിയൂര്‍: വനിത മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ചെമ്മരുതി പഞ്ചായത്ത് നരിക്കൽമുക്ക് ധര്മഗൃഹത്തില് ഡി. സന്തോഷ്കുമാറിനെ (43) ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ വഞ്ചിയൂര്‍ കോടതിയിലെത്തിയ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദുവിന്റെ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കയറിയ സന്തോഷ്കുമാര്‍ ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകയോട് അത്രിക്രമം കാട്ടിയെന്ന പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ നടത്തിയ അതിക്രമം സഹപ്രവര്‍ത്തകര്‍ ചെറുത്തതോടെ പ്രതി കോടതി വളപ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സന്തോഷ്കുമാറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ഡി.സി.പി നിധിന്‍രാജിന്റെ നേതൃത്വത്തില്‍ ശംഖുംമുഖം എ.സി ടി. രാജപ്പന്, വഞ്ചിയൂര്‍ എസ്.എച്ച്.ഒ ടി. രാജേഷ്കുമാര്‍, എസ്.ഐ വിമല്‍ രങ്കനാഥ്, എസ്.സി.പി.ഒമാരായ ജോസ്, അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.