ജനറല്‍ ആശുപത്രിയില്‍ ‘പാലിന് ചായ’ ചൂഷണം
text_fieldsവഞ്ചിയൂര്‍: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിടപ്പുരോഗികള്‍ക്ക് നല്കുന്ന പാല് കാന്റീന് നടത്തിപ്പുകാരന് ചൂഷണം ചെയ്യുന്നതായി ആരോപിക്കുന്നു. ദിവസവും ഉച്ചക്ക് രണ്ടിന് മുമ്പ് അതത് വാര്‍ഡുകളില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍നിന്ന് പാല് നല്‍കിവരുന്നുണ്ട്.
എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന പാല് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് തിളപ്പിച്ച് നൽകാതെ കാന്റീന് ജീവനക്കാര്‍ ചായയായി നല്‍കാറാണ് പതിവെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. രാവിലെ ജീവനക്കാര്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് പാലിനൊപ്പം 20 രൂപ വാങ്ങി ഒരു ചീട്ട് നല്കി മടക്കുകയാണത്രെ.
വൈകീട്ട് നേരത്തേ നല്കിയ ചീട്ടുമായി എത്തുമ്പോള്‍ പാലിനുപകരം രണ്ട് ചായ നല്കി അയക്കും. ഒരുകവര്‍ പാലിന് പൊതുവിപണിയില്‍ 28 രൂപയോളം വില വരുമ്പോഴാണ് പാലിനൊപ്പം 20 രൂപയും കൂടി വാങ്ങി വെറും ഇരുപത് രൂപക്കുള്ള രണ്ട് ചായ മാത്രം നല്‍കുന്നത്.
തര്ക്കമുന്നയിക്കുന്നവര്ക്ക് മൂന്ന് ചായയും നല്‍കുന്നതായി പറയുന്നു. ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭിക്കുന്ന പാല് ചൂടാക്കാനുള്ള സംവിധാനമില്ലാത്തതിനാലാണ് ഭൂരിഭാഗം രോഗികളും കാന്റീന് ജീവനക്കാരെ ആശ്രയിക്കുന്നത്.