ജനറല്‍ ആശുപത്രി പരിസരത്ത് മാലിന്യക്കൂമ്പാരം; പരിസരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
text_fieldsജനറല്‍ ആശുപത്രിയിലെ കെ.എച്ച്.ആര്.ഡബ്ല്യു.എസ് പേവാര്‍ഡിന് സമീപത്തെ മാലിന്യക്കൂമ്പാരം
വഞ്ചിയൂര്‍: തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരം പ്ലാസ്റ്റിക് മാലിന്യവും രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും കഴിച്ച് ഉപേക്ഷിക്കുന്ന ഭക്ഷണവസ്തുക്കളും കുന്നുകൂടി പകര്‍ച്ചവ്യാധി ഭീഷണിയിലെന്ന് പരാതി. ആശുപത്രിയിലെ കെ.എച്ച്.ആര്.ഡബ്ല്യു.എസ് പേവാര്‍ഡിന് സമീപത്തായാണ് മാലിന്യനിക്ഷേപം. ഭക്ഷണാവശിഷ്ടങ്ങൾ ആശുപത്രിപരിസരത്തെ തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുന്നതുകാരണം പ്രദേശം തെരിവുനായ്ക്കളുടെ പിടിയിലാണ്.
കൂടാതെ പരിസരത്ത് ദുര്‍ഗന്ധം കാരണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തങ്ങാനാകാത്ത സാഹചര്യമാണെന്നും പരാതിയുണ്ട്. പ്രദേശത്ത് ഈച്ച-കൊതുകുശല്യവും വര്‍ധിച്ചതായി രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. മാലിന്യനിക്ഷേപത്തിനുസമീപത്തായിട്ടാണ് ഓപറേഷന് തിയറ്റര്‍ സമുച്ചയവും മറ്റ് വിവിധ ഡിപ്പാര്‍ട്മെന്റുകളും. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫിസും ഇതിനടുത്താണ്. എന്നാല്‍ ആശുപത്രിപരിസരത്തെ ഈ ദുരവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് രോഗികളും താഴെതട്ടിലുള്ള ജീവനക്കാരുടെയും ആരോപണം.