ചെറുന്നിയൂരിൽ ഇരു മുന്നണികൾക്കും അഭിമാന പോരാട്ടം
text_fieldsവർക്കല: ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിൽ ഇരുമുന്നണികൾക്കും അഭിമാന പോരാട്ടം. പഞ്ചായത്ത് രൂപീകൃതമായ കാലംമുതൽ ഭരണത്തിൽ സി.പി.എം നയിക്കുന്ന എൽ.ഡി.എഫ് ആണ്. ചരിത്രത്തിലാദ്യമായി 2020 ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ മുട്ടുകുത്തിച്ച് യു.ഡി.എഫ് അധികാരം പിടിക്കുകയായിരുന്നു. അന്ന് എൽ.ഡി.എഫ് ഭരണത്തെ താഴെയിറക്കാൻ ഡി.ഐ.സി യുടെ രണ്ട് മെമ്പർമാർ കോൺഗ്രസിനൊപ്പം ചേരുകയായിരുന്നു.
ഭരണ സമിതിയുടെ അവസാന വർഷം കാലുമാറ്റത്തിലൂടെ തന്നെ എൽ.ഡി.എഫ് പകരം വീട്ടുകയും ചെയ്തു. നിലവിൽ 14 സീറ്റാണുണ്ടായിരുന്നത്. യു.ഡി.എഫ് -ഏഴ്, എൽ.ഡി.എഫ് -ആറ്, ബി.ജെ.പി -ഒന്ന് എന്നതാണ് കക്ഷിനില. ഇക്കുറി ഭരണം നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയത്. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് തന്നെ ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയ പാലച്ചിറ കുടിവെള്ള പദ്ധതി യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
ജനകീയ സമിതി രൂപീകരിച്ച് പണം പിരിച്ചാണ് വാട്ടർ ടാങ്ക് നിർമിക്കാൻ ഭൂമി വാങ്ങിയത്. ഒട്ടനവധി വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന്റെ മേന്മയും യു.ഡി.എഫ് ചൂണ്ടികാണിക്കുന്നു. വികസനം അന്യം നിന്നുപോയ അഞ്ച് വർഷക്കാലമാണ് യു.ഡി.എഫ് പഞ്ചായത്തിന് നൽകിയതെന്ന രൂക്ഷമായ വിമർശനമാണ് എൽ.ഡി.എഫ് ഉന്നയിക്കുന്നത്. ഏതായാലും ഭരണത്തുടർച്ച അനുവദിക്കില്ലെന്ന കട്ടായത്തിലാണ് എൽ.ഡി.എഫ്.


