ടൂറിസം കേന്ദ്രമായി വളർന്നിട്ടും വെറ്റക്കട പാർക്കിന് അവഗണന
text_fieldsപഞ്ചായത്ത് കൈയൊഴിഞ്ഞ അൻസിൽ ആൻഡ് മനോജ് പാർക്ക്
വർക്കല: ടൂറിസം കേന്ദ്രമായി വളർന്നിട്ടും വെറ്റക്കട പാർക്കിന് അവഗണന.നിരവധി തവണ പഞ്ചായത്തിന് നിവേദനം നൽകിയിട്ടും നടപടി എടുക്കാതെ അവഗണിക്കുന്നതിൽ നാട്ടുകാർക്ക് കടുത്ത അമർഷം. ഇടവ ഗ്രാമഗ്രഞ്ചായത്തിലെ വെറ്റക്കടയിലെ അൻസിൽ ആൻഡ് മനോജ് പാർക്കിനാണ് ഈ ദുർഗതി. തീരദേശ പഞ്ചായത്ത് ആയതിനാൽ കാപ്പിൽ, വെറ്റക്കട, മാന്തറ, ഒടയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം ഒരു വ്യവസായമായി വളർന്നിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആഭ്യന്തര,വിദേശ സഞ്ചാരികളാണ് ഇവിടങ്ങളിൽ വന്നുപോകുന്നത്.ടൂറിസം വളർന്നിട്ടും ടൂറിസം മേഖലകളെ സംരക്ഷിക്കാനോ വികസനം നടപ്പാക്കാനോ പഞ്ചായത്തിന് സമയമോ പദ്ധതികളോ ഇല്ല.
ഇതര മേഖലകളിലെന്ന പോലെ ടൂറിസം കാര്യത്തിലും പഞ്ചായത്ത് ഭരണസമിതി കാട്ടുന്ന അവഗണനയും പിടിപ്പുകേടും നാൾക്കുനാൾ വർധിച്ചുവരികയാണ്.കാപ്പിൽ ടൂറിസം കേന്ദ്രം, വെറ്റക്കട പാർക്ക്, ശ്രീയേറ്റ്, മാന്തറ, ഓടയം എന്നിവിടങ്ങളിലൊന്നും പഞ്ചായത്തിന്റേതായ യാതൊരു പദ്ധതികളും നാളിതുവരെ ഉണ്ടായിട്ടില്ല.തന്മൂലം അനന്തമായ ടൂറിസം സാധ്യതകളെ ദീർഘവീക്ഷണമില്ലാത്ത പഞ്ചായത്ത് ഭരണം തന്നെ അകാലത്തിൽ കൊന്നുകളയുകയാണ്. വർക്കല പാപാനാശം ബീച്ച് അതിർത്തി മുതൽ കൊല്ലം ജില്ല അതിർത്തിയായ കാപ്പിൽ പാലം വരെയുള്ള ഇടവ പഞ്ചായത്തിൽ ദീർഘവും മനോഹരവുമായ കടലോരമാണുള്ളത്. ഇവിടത്തേക്കു ധാരാളം വിനോദ സഞ്ചാരികളാണ് എത്തുന്നതും.
മാത്രമല്ല ചരിത്രപരമായി വളരെ പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് ഇടവ. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലായങ്ങളുമുള്ള ഇടവ സാമൂഹിക,സാംസ്കാരിക,സാമ്പത്തിക കാര്യങ്ങളിലൊക്കെ വളരെയേറോ മുൻപന്തിയിലുള്ള പ്രദേശവുമാണ്. ഇടവ, കാപ്പിൽ എന്നിങ്ങനെ രണ്ടു റെയിൽവേ സ്റ്റേഷനുകളുള്ള പഞ്ചായത്തുമാണ്. സിങ്കപ്പൂർ,മലേഷ്യ ബ്രുണെ,ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യകാലം മുതൽ തന്നെ ധാരാളം പേർ എത്തിയിരുന്ന ഇടവ പ്രദേശം ഗൾഫ് മലയാളികളുടെ കേന്ദ്രം കൂടിയാണ്.എങ്കിലും ഇടവ ഇന്ന് ഏറെ പിന്നാക്കം പോയിരിക്കുകയാണ്. സാർക്കാർ ആവിഷ്കൃത പദ്ധതികളാല്ലാതെ യാതൊന്നും ഇവിടെ ഉണ്ടാകുന്നില്ല. അതിനൊരു ഉദാഹരണമാണ് വെറ്റക്കടയിലെ മനോഹരമായ അൻസിൽ ആൻഡ് മനോജ് മെമ്മോറിയൽ പാർക്കിന്റെ ശോച്യാവസ്ഥ.
വർക്കല കഹാർ എം.എൽ.എയും എ.പി. അനിൽകുമാർ ടൂറിസം മന്ത്രിയുമായിരുന്ന കാലത്ത് വർക്കല മേഖലയുടെ ടൂറിസം സാധ്യതകളെ വികസിപ്പിക്കുന്ന പദ്ധതികളിലൊന്നായാണ് വെറ്റക്കട പാർക്കിന് അനുമതിയായത്. നിർമാണവേളയിൽ രാഷ്ട്രീയ മുതലെടുപ്പുമായി ഇറങ്ങിത്തിരിച്ച ചിലർ കേസ്സുമായി മുന്നോട്ട് പോകുകയും പാർക്ക് പാതിവഴിയിൽ നിലച്ചുപോകുകയുമായിരുന്നു. തുടർന്ന് വി.ജോയി എം.എൽ.എ ആയതിന് ശേഷമാണ് പാർക്ക് പൂർത്തീകരിച്ചത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച മനോഹരമായ ഈ പാർക്കും അവഗണനയാൽ നശിക്കുകയാണ്. പാർക്കിലേക്ക് കയറാനുള്ള വഴി ഏതെന്ന സൈൻ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. തന്മൂലം വിദേശ സഞ്ചായികളെന്നല്ല ആഭ്യന്തര സഞ്ചാരികളും പാർക്കിനെ കൈയൊഴിഞ്ഞു.
റോഡരികിൽ നിന്നും ആരംഭിച്ച് ടൂറിസം പാർക്കോളം എത്തുന്നതാണ് അൻസിൽ ആൻഡ് മനോജ് പാർക്ക്. നാട്ടുകാർക്കെല്ലാം ഉപകാരികളായിരുന്ന ഇടവയിലെ രണ്ടു യുവാക്കൾ അപകടത്തിൽ മരണമടഞ്ഞപ്പോൾ അവരുടെ സ്മരണാർഥം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് വെറ്റക്കട പാർക്കിന് സമീപം ചെറിയ പാർക്ക് നിർമിച്ചത്. കോൺഗ്രസിലെ എ.റഷീദ ബീഗം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ പാർക്കിന്റെ പരിപാലന ചുമതല പഞ്ചായത്ത് ഏറ്റെടുത്തു. പാർക്കിൽ നിത്യവും ധാരാളം സന്ദർശകരും എത്താറുണ്ടായിരുന്നു. പാർക്കിനെയും ഈ ചെറിയ പാർക്കിനെയും ഇപ്പോൾ പഞ്ചായത്ത് കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി പാർക്ക് സംരക്ഷണ സമിതി പഞ്ചായത്ത് അധികാരികൾക്കെല്ലാം നിവേദനങ്ങൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയുണ്ട്.
പാർക്കിലെ ശുചി മുറിയിലേക്ക് ഏതുനിമിഷവും വീഴാറായ രണ്ടു വൃക്ഷങ്ങൾ ചാഞ്ഞുനിൽക്കുന്നുണ്ട്. പാർക്കിന്റെ ഉൾവശം പൂർണമായും വൃത്തിഹീനമാണ്. കുറ്റിക്കാട് വളർന്നും പാഴ് പുല്ലുകൾ വളർന്നും ആർക്കും പാർക്കിനകത്തേക്ക് കയറാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പാർക്കിനകത്ത് സന്ദർശകർക്കു ഇരിക്കാൻ ബെഞ്ചുകൾ പോലുമില്ല. ഉണ്ടായിരുന്ന ബെഞ്ചുകളെല്ലാം നശിച്ചും പോയി. ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ച് പാർക്കിനെ പൂർവ സ്ഥിതിയിലാക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും പാർക്കു സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.


