ശിവഗിരിയിലെത്തുന്ന ആറാമത്തെ രാഷ്ട്രപതി; നിശ്ചയിച്ചതിലും അരമണിക്കൂർ നേരത്തെ എത്തി രാഷ്ട്രപതി
text_fieldsപാപനാശം ഹെലിപാഡിൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്ന രാഷ്രട്രപതി ദൗപതി മുർമു. സ്വീകരിക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി വി.എൻ.വാസവൻ, വി.ജോയി എം.എൽ.എ എന്നിവരെയും കാണാം
വർക്കല: ഏകലോകദർശനവും മതാതീത ആത്മീയതയും മാനവലോകത്തിന് പകർന്നു നൽകിയ ഗുരുവിന്റെ സ്മരണകൾക്ക് മുന്നിൽ പ്രാണാമമർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ജാതിമതചിന്തകൾ സമൂഹത്തെയാകെ കലുഷിതമാക്കുന്ന വർത്തമാന സാഹചര്യത്തിൽ ശ്രീനാരായണ ദർശനങ്ങളുടെ പ്രധാന്യവും അത് ജീവിതത്തിൽ പകർത്തേണ്ടതിന്റെ അനിവാര്യതയും ഓർമിപ്പിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ചുരുങ്ങിയ വാക്കുകളിൽ ഗുരു ഉയർത്തിക്കാട്ടിയ മാനവ സാഹോദര്യത്തിന്റെയും ആത്മീയ ഉണർവിന്റെയും പാഠങ്ങളിലേക്ക് അവർ ശ്രദ്ധ ക്ഷണിച്ചു.
നിശ്ചയിച്ചതിലും അരമണിക്കൂർ നേരത്തെയാണ് മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ശിവഗിരിയിലെത്തിയത്. ഉച്ചക്ക്12 ഓടെ പാപനാശം ഹെലിപാഡിൽ രാഷ്ട്രപതിയെയും വഹിച്ചുള്ള ഹെലികോപ്റ്റർ എത്തി. ഹെലിപാഡിൽ കാത്തുനിന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി വി.എൻ. വാസവൻ, വി. ജോയി എം.എൽ.എ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് കാറിൽ ശിവഗിരിയിലേക്ക് തിരിക്കുകയായിരുന്നു. കുന്നിൻ മുകളിലെ ശ്രീനാരായണഗുരു സമാധി മണ്ഡപത്തിലേക്കായിരുന്നു ആദ്യമെത്തിയത്.
സമാധിയിൽ പ്രണാമമർപ്പിച്ച് ആരതി തൊഴുതുവണങ്ങി പ്രസാദം സ്വീകരിച്ച രാഷ്ട്രപതി സമാധിമണ്ഡപം വലംവച്ച് പുറത്തിറങ്ങി. 12.15 ഓടെ സമ്മേളന നഗരിയിലെത്തി. രാഷ്ട്രപതിക്ക് ശ്രീനാരായണ ഗുരുവിന്റെ ശിൽപം ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമർപ്പിച്ചു. 12.20ന് ആരംഭിച്ച സമ്മേളനം ഒന്നിന് അവസാനിച്ചു. തുടർന്ന് ശിവഗിരി ഗസ്റ്റ് ഹൗസിൽ സന്യാസിമാർക്കൊപ്പം ഉച്ചഭക്ഷണവും അല്പനേരം വിശ്രമവും കഴിഞ്ഞ് 2.30ന് ഹെലിപാഡിലെത്തി രാഷ്ട്രപതി വർക്കലയിൽ നിന്നു മടങ്ങുകയായിരുന്നു. എത്തിയത് നേരത്തേയെങ്കിലും മുൻ നിശ്ചയിച്ച സമയക്രമം പാലിച്ചായിരുന്നു മടക്കം. ശിവഗിരി സന്ദർശിക്കുന്ന ആറാമത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. ഡോ. സക്കീർ ഹുസൈൻ, വി.വി.ഗിരി, ഡോ. ശങ്കർ ദയാൽ ശർമ്മ, കെ.ആർ. നാരായണൻ, ഡോ. എ.പി.ജെ അബുൾകലാം എന്നിവരാണ് രാഷ്ട്രപതിയായിരിക്കെ ശിവഗിരി സന്ദർശിച്ചിട്ടുള്ളത്.


