ഭിക്ഷാടകയുടെ മുറിയിൽ തീപിടുത്തം; പണവും സ്വർണവും ഒഴികെ എല്ലാം കത്തിനശിച്ചു
text_fieldsലോഡ്ജ് മുറിയിലെ തീപിടുത്തം ഫയർഫോഴ്സ് പരിശോധിക്കുന്നു
വർക്കല: ഭിക്ഷാടനക്കാരിയുടെ വാടക മുറിയിൽ തീപിടുത്തം, പണവും സ്വർണവും ഒഴികെ എല്ലാം കത്തിപ്പോയി. ആളപായമില്ല. വർക്കല ജനാർദന സ്വാമി ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജ് മുറിയിലാണ് തീ പടർന്ന് ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തുന്ന വയോധിക താമസിക്കുന്ന മുറി അഗ്നിക്കിരയായത്.
ക്ഷേത്ര പരിസരത്ത് ഏഴ് വർഷമായി ഭിക്ഷാടനം നടത്തിവന്ന സരോജിനി (79) താമസിച്ചുവന്ന മുറിയിലാണ് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ തീ പടർന്നത്. വർക്കല അഗ്നിരക്ഷ സേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീ അണച്ചു. സംഭവ സമയം സരോജിനിയമ്മ ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ വിവരം അറിയിച്ചത്. മുറിയും അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും പൂർണ്ണമായി കത്തി നശിച്ചു.
ഭിക്ഷാടനം നടത്തി സ്വരൂപിച്ച് വെച്ച 24000 രൂപയും ഒരു സ്വർണ മോതിരവും അഗ്നിക്കിരയായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രഥാമിക നിഗമനം. ലോഡ്ജിലെ മുറികൾ വാസയോഗ്യം അല്ലാത്തതാണെന്ന് നാട്ടുകാരും ഫയർഫോഴ്സും പറയുന്നു. ലോഡ്ജിന്റെ പരിസരത്ത് സാമൂഹികവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും രൂക്ഷമാണ്.