പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; പത്താം ക്ലാസുകാരനും സഹായിയും പിടിയിൽ
text_fieldsഅറസ്റ്റിലായ ശ്യാംകൃഷ്ണ
വർക്കല: പട്ടാപ്പകൽ വീടുകയറി കവർച്ച; സ്വർണവും പണവും കവർന്ന പത്താംക്ലാസുകാരനും പണയം വെക്കാൻ സഹായിച്ച യുവാവും പിടിയിൽ. കാപ്പിൽ കൃഷ്ണ ഭവനിൽ സായ് കൃഷ്ണനും (25), സുഹൃത്തായ പത്താം ക്ലാസ് വിദ്യാർഥിയുമാണ് പിടിയിലായത്. കാപ്പിൽ സ്വദേശി ഷറ ഹബീലിന്റെ പണിക്കക്കുടി വീട്ടിലാണ് കഴിഞ്ഞ വെള്ളിയാഴ്ച നട്ടുച്ചക്ക് അടുക്കള വാതിൽ കുത്തിത്തുറന്ന് കവർച്ച നടന്നത്.
ഷറ ഹബീൽ ജുമുഅ നമസ്കരാത്തിന് പള്ളിയിൽപോയ സമയത്തായിരുന്നു മോഷണം. നമസ്കാരം കഴിഞ്ഞ് രണ്ടോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് അയിരൂർ പൊലീസിൽ പരാതി നൽകി. ഗൃഹനാഥനിൽ നിന്ന് വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ പൊലീസിന് വഴിമധ്യേ ഷറ ഹബീലുമായി സംസാരിച്ച പത്താം ക്ലാസുകാരനിൽ സംശയം തോന്നി.
തുടർന്ന് വിദ്യാർഥിയെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുകയും ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കവർച്ചയുടെ ചുരുളഴിഞ്ഞത്.
ചോദ്യം ചെയ്യലിൽ വിദ്യാർഥി തന്നെ കവർച്ചക്കഥ പൊലീസിനോട് പറയുകയായിരുന്നു. പൊലീസ് പറയുന്നതിങ്ങനെ: വിദ്യാർഥി സ്കൂളിൽ നിന്ന് വരുന്നവഴി ഷറ ഹബീലിനെ കാണുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. വൃദ്ധനായ ഷറഹബീൽ പള്ളിയിലേക്കാണ് പോകുന്നതെന്ന് ചോദിച്ചറിയുകയും വീട്ടിൽ മറ്റാരുമില്ലെന്നു മനസ്സിലാക്കി വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്ത് കടക്കുകയും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും 500,00 രൂപയും കവർന്നെടുക്കുകയുമായിരുന്നു.
പണം ഉപയോഗിച്ച് വർക്കലയിലെ മൊബൈൽ ഷോപ്പിൽ നിന്ന് പുതിയ മൊബൈലും ഡ്രസ്സും വാങ്ങി. തുടർന്ന് സുഹൃത്തായ സായ് കൃഷ്ണനെ വിളിച്ചുവരുത്തി മോഷണ വിവരമറിയിക്കുകയിയിരുന്നു. രണ്ടരപ്പവൻ മാലയും ഒരു പവന്റെ മോതിരവുമടങ്ങുന്ന സ്വർണം സായ് കൃഷ്ണനെ ഏൽപ്പിച്ചു. സായ് കൃഷ്ണൻ മോതിരം വർക്കലയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ചു.
കിട്ടിയ തുകയിൽ ഒരു വിഹിതം തന്റെ കാമുകിക്കും മറ്റൊരു വിഹിതം പത്താംക്ലാസുകാരനെയും ഏൽപ്പിച്ചു. സ്വർണ മാല സായ് കൃഷ്ണൻ വീട്ടിൽ ഒളിപ്പിച്ച ശേഷം സ്വർണമല്ലെന്നു പറഞ്ഞ് വിദ്യാർഥിയെ കബളിപ്പിക്കുകയും ചെയ്തു.
പ്രതിയെ സ്വർണപ്പണയ സ്ഥാപനത്തിലെത്തിച്ച പോലീസ് മോതിരവും വീട്ടിലെ ബാത്റൂമിൽ ടവൽ ഹോൾഡറിനകത്ത് ഒളിപ്പിച്ചുവെച്ചിരുന്ന സ്വർണമാലയും കണ്ടെടുത്തു. വിദ്യാർഥിയുടെ വീടിനു സമീപത്തു നിന്ന് ഒളിപ്പിച്ച നിലയിൽ പുതിയ മൊബൈൽ ഫോണും ഡ്രസും പൊലീസ് കണ്ടെടുത്തു.
അയിരൂർ സബ് ഇൻസ്പെക്ടർ ശ്യാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിയെ പൂജപ്പുര ജുവനൈൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു.