ഒരുമിച്ചിരുന്നു മദ്യപാനം,ഒടുവിൽ വാക്കു തർക്കം, വെട്ട്; തെങ്ങുകയറ്റ തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
text_fieldsവർക്കല: കൂട്ടുകൂടിയുള്ള മദ്യപാനത്തിനിടെ ഇടവയിൽ തെങ്ങുകയറ്റ തൊഴിലാളികൾക്ക് വെട്ടേറ്റു. തോട്ടുംമുഖം സ്വദേശികളായ ബിനു (39), സന്തോഷ് (46) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ സുഹൃത്ത് ഇടവ പാറയിൽ മലവിള സ്വദേശി വിജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച സന്ധ്യക്ക് ഏഴോടെയാണ് സംഭവം. തെങ്ങുകയറ്റതൊഴിലാളികളായ മൂവരും ചേർന്ന് ഇടവ പാറയിൽ നാലുമുക്കിന് സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് വിജയകുമാർ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് ബിനുവിനെയും സന്തോഷിനെയും വെട്ടുകയായിരുന്നു. വീട്ടിൽ പോയി ഒളിച്ച വിജയകുമാറിനെ പിന്തുടർന്നെത്തിയ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെട്ടിയ ആളും വെട്ടേറ്റവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഇവർ ഒത്തൊരുമിച്ചാണ് തെങ്ങുകയറ്റ തൊഴിലിൽ ഏർപ്പെടുന്നതും. തൊഴിൽ കഴിഞ്ഞെത്തുന്ന ഇവർ സ്ഥിരം ഒത്തൊരുമിച്ച് മദ്യപിക്കുന്നവരുമാണ്.