കാണാതായ നാലംഗ കുടുംബത്തെ തമിഴ്നാട്ടിൽ കണ്ടെത്തി
text_fieldsവർക്കല: കാണാതായ നാലംഗ കുടുംബത്തെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ആറ്റാങ്കര പള്ളിക്ക് സമീപത്തുനിന്നാണ് ബുധനാഴ്ച രാത്രിയോടെ കുടുംബത്തെ കണ്ടെത്തിയത്.
നാലംഗ കുടുംബത്തെ കാണാതായ വാർത്ത ചിത്രങ്ങൾ സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആറ്റാങ്കര പള്ളി തീർത്ഥാടനത്തിനെത്തിയ വർക്കല സ്വദേശികളാണ് പള്ളിക്ക് സമീപത്ത് ഇവരെ കണ്ടത്. ഉടൻ അയിരൂർ പൊലീസിൽ വിവരം അറിയിച്ചു.
ബന്ധുക്കളെയും കൂട്ടി വ്യാഴാഴ്ച പുലർച്ചെയോടെ ആറ്റാങ്കരയെത്തിയ പൊലീസ് കുടുംബത്തെ കൂട്ടിക്കൊണ്ടു വന്നു.മടക്കയാത്രയിൽ ഗൃഹനാഥ ഹസീനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തു.
രാവിലെയോടെ അയിരൂർ സ്റ്റേഷനിലെത്തിച്ച ശേഷവും നെഞ്ചുവേദന ഉണ്ടാകുകയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഉച്ചയോടെ ഇവരെ പോലീസ് വർക്കല കോടതിയിൽ ഹാജരാക്കി. കടബാധ്യത ഉണ്ടെന്നും അതിനാലാണ് നാടുവിട്ടു പോകാൻ തീരുമാനിച്ചതെന്നുമാണ് കുടുംബം പറയുന്നത്.


