വർക്കലയിൽ ഗൃഹനാഥന്റെ കൊല; എല്ലാ പ്രതികളും പിടിയിൽ
text_fieldsമനുവും, ഷാനിയും
വർക്കല: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബാക്കിയുള്ള പ്രതികളും പിടിയിൽ. ഇതിൽ ഒരാൾ പതിനാറുകാരനാണ്. തിരുവനന്തപുരം വെള്ളൈകടവ് കരിമൺകുഴിവീട്ടിൽ ഷാനി (48), പ്രതികൾക്കൊപ്പമുണ്ടായിരുന്ന പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മാത്തവിളപുത്തൻവീട്ടിൽ മനു (36) സംഭവദിവസം രാത്രി തന്നെ വട്ടിയൂർക്കാവ് ഭാഗത്ത് പൊലീസിന്റെ പിടിയിലായിരുന്നു.
കരുനിലക്കോട് അഞ്ചുവരമ്പുവിളവീട്ടിൽ സന്തോഷ് എന്ന സുനിൽദത്തിനെ (57) യാണ് സഹോദരീ ഭർത്താവുൾപ്പടെ മൂവർസംഘം കൊലപ്പെടുത്തിയത്. കൊലക്കുശേഷം 50 മീറ്ററോളം ദൂരം നടന്നുപോയി സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്. സംഭവത്തിൽ സുനിൽദത്തിന്റെ സഹോദരിയും ഷാനിയുടെ ഭാര്യയുമായ ഉഷാകുമാരിക്കും തലക്ക് വെട്ടേറ്റിരുന്നു. കൊല നടക്കുമ്പോൾ ഉഷാകുമാരി വീടിന് പുറത്തായിരുന്നത്രെ.
നിലവിളികേട്ട് ഓടിയെത്തുമ്പോൾ സഹോദരൻ തറയിൽ രക്തത്തിൽ കുളിച്ച നിലയിലും മനു വെട്ടുകത്തിയുമായി നിൽക്കുകയുമായിരുന്നത്രെ. തുടർന്നുള്ള പിടിവലിയിലാണ് തനിക്ക് തലക്ക് വെട്ടേറ്റതെന്നും ഉഷാകുമാരി പൊലീസിനോട് പറഞ്ഞു. മനുവിനെ ഇതിനുമുമ്പും ഭർത്താവിനൊപ്പം കണ്ടിട്ടുണ്ടെന്നും പതിനാറുകാരനെ അറിയില്ലെന്നും ഉഷാകുമാരി പറയുന്നു.
മനു ഇതിനുമുമ്പും കൊലപാതകക്കേസിൽ പ്രതിയാണത്രെ. ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2017ൽ ശംഖുംമുഖം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടക്കവേ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കൊലപാതകം. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ രണ്ട് വധശ്രമക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
പൊലീസിന്റെ സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. സുനിൽദത്തിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിച്ചു.