ഇനി ഡ്രൈവിങ് ടെസ്റ്റ് കടുക്കും; ഡ്രൈവിങ് മാത്രം അറിഞ്ഞാൽപ്പോര റോഡ് നിയമങ്ങളും മനഃപ്പാഠമാക്കണം
text_fieldsവർക്കലയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജി. ലാജി ബോധവത്കരണ ക്ലാസെടുക്കുന്നു
വർക്കല: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി മുതൽ റോഡ് നിയമങ്ങൾ മനഃപ്പാഠമാകണം. അല്ലെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് കടുക്കും. പുതിയ ഡ്രൈവിങ് സംസ്കാരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കടുത്ത പരിഷ്കരണങ്ങൾ നടപ്പാക്കുന്നത്. ടെസ്റ്റിന് എത്തുന്നവർ റോഡിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് ബോധവാന്മാരായിരിക്കണം. വാഹനമോടിച്ച് തെളിഞ്ഞാൽ ലൈസൻസിനുള്ള യോഗ്യതയായെന്ന് കരുതുന്നവർക്ക് റോഡ് നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ ടെസ്റ്റിനെത്തുമ്പോൾ പണികിട്ടും.
ഏതുതരം വാഹനവുമായാലും അത് ഓടിക്കുന്നയാൾക്ക് റോഡ് നിയമങ്ങളിൽ അറിവുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് വർക്കല സബ് ആർ.ടി.ഒ ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നവരെയാണ് ഡ്രൈവിങ് ലൈസൻസിന് യോഗ്യതയുള്ള അപേക്ഷകരായി പരിഗണിക്കുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെങ്കിൽ ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുക്കാനാവില്ല. ലൈസൻസ് ലഭിച്ച ശേഷം വാഹനത്തിൽ കയറിയാൽ എന്തുമാകാമെന്നതിന് പകരം എന്തൊക്കെ ആകാമെന്നും എന്തൊക്കെ പാടില്ലെന്നുമുള്ള അവബോധം ഉണ്ടാക്കുകയെന്നതാണ് പരിഷ്കരണങ്ങളുടെ ലക്ഷ്യം.
ടെസ്റ്റ് ഗ്രൗണ്ടിൽ എച്ച്, എട്ട് എന്നിവ എടുത്തുകാണിച്ചാലും റോഡിൽ പാലിക്കേണ്ട നിയമങ്ങൾ എന്തൊക്കെയെന്നുകൂടി കൃത്യമായി പഠിച്ചിരിക്കണം. അവ എപ്പോൾ എങ്ങനെ പാലിക്കണം എന്നതുൾപ്പെടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരവും നൽകണം. ഇതിന് കഴിയുന്നില്ലെങ്കിൽ വർക്കല സബ് ആർ.ടി ഓഫിസിൽനിന്ന് ലൈസൻസ് കിട്ടില്ലെന്ന് സാരം.