ഗതാഗതക്കുരുക്കിൽ പാലച്ചിറ ജങ്ഷൻ
text_fieldsജങ്ഷനില്‍ നിര്‍ത്തി ആളിറക്കുന്ന സ്വകാര്യബസിനെ മറ്റൊരു ബസ് മറികടക്കുന്നു
വര്‍ക്കല: നഗരത്തിലേക്കുള്ള പ്രവേശന കവാടമായ പാലച്ചിറ ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. സിഗ്നൽ സംവിധാനം വേണമെന്നാവശ്യം ശക്തം.
വർക്കല ടൗണിലേക്കുള്ള നാല് പ്രധാന റോഡുകള്‍ സംഗമിക്കുന്നയിടമാണ് പാലച്ചിറ ജങ്ഷൻ. ഇവിടെ ഗതാഗതം നിയന്ത്രണ സംവിധാനമില്ലാത്തത് അപകടങ്ങൾ സൃഷ്ടിക്കുന്നു.
സിഗ്നൽ സംവിധാനമില്ലാത്തതിനാൽ പുന്നമൂട്, മൈതാനം, പുത്തൻചന്ത എന്നിവിടങ്ങളിലേപ്പോലെ പാലച്ചിറയിലും തോന്നുംപടിയാണ് വാഹനങ്ങള്‍ പോകുന്നത്.
വര്‍ക്കല-കല്ലമ്പലം പ്രധാന റോഡിലെ ഏറെ തിരക്കുള്ള ജങ്ഷനാണിത്. ചെറുന്നിയൂരിലേക്ക് തിരിയുന്ന റോഡ്, എസ്.എൻ കോളജ്, നടയറ, വട്ടപ്ലാംമൂട്, ചെമ്മരുതി ഭാഗങ്ങളിലേക്ക് തിരിയുന്നറോഡും സംഗമിക്കുന്നത് ഇവിടെയാണ്. ചെറുന്നിയൂര്‍ റോഡിലും വട്ടപ്ലാംമൂട് റോഡിലും പാലച്ചിറ ജങ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ഹമ്പുകളുണ്ട്. എന്നാല്‍ തിരക്കേറിയ വര്‍ക്കല- കല്ലമ്പലം റോഡില്‍ ജങ്ഷന് ഇരുഭാഗത്തും ഹമ്പുകളില്ല. വേഗനിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യബസുകള്‍ ഉള്‍പ്പെടെ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.
വശങ്ങളിലെ റോഡുകളില്‍നിന്ന് പ്രധാന റോഡിലേക്ക് വാഹനങ്ങള്‍ വന്നെത്തുന്നതും വേഗത്തിലാണ്. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു.
വര്‍ക്കല ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ജങ്ഷനിലാണ്. ജങ്ഷനിൽനിന്ന് മാറി ബസ് ബേയുണ്ടെങ്കിലും യാത്രക്കാർ ഉപയോഗിക്കുന്നില്ല. ബസുകള്‍ ജങ്ഷനിൽനിന്ന് മുന്നോട്ട് മാറ്റി നിര്‍ത്തണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നടപ്പാകുന്നില്ലെന്ന് മാത്രം.
ബസുകളെ ചെറുന്നിയൂര്‍ ഭാഗത്ത് നിന്നും വര്‍ക്കലയിലേക്ക് വരുന്ന വാഹനങ്ങള്‍ മറികടക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. തിരക്ക് മൂലം റോഡ് മുറിച്ചുകടക്കാനും കാൽനടയാത്രികർ ബുദ്ധിമുട്ടുന്നു. ശിവഗിരി എസ്.എന്‍ കോളജ്, ശിവഗിരി എച്ച്.എസ്.എസ്, ശിവഗിരി എസ്.എന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സ്, പട്ടികജാതി ഐ.ടി.ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ബസിറങ്ങുന്നതും പാലച്ചിറയിലാണ്.
രഘുനാഥപുരത്തെ ആര്.ടി.ഒഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്, വാട്ടർ അതോറിറ്റി ഓഫിസ്, നാരയണ ഗുരുകുലം എന്നിവിടങ്ങളിലേക്ക് പോകുന്നതും പാലച്ചിറ വഴിയാണ്. വര്‍ക്കല ടൗണില്‍ കടക്കാതെ കല്ലമ്പലം, മണനാക്ക്, ആറ്റിങ്ങല്‍ ഭാഗങ്ങളിലേക്കു പോകാന്‍ അയിരൂര്‍, നടയറഭാഗങ്ങളില് നിന്നുള്ളവര്‍ കൂടുതലായി ആശ്രയിക്കുന്നതും ഈ റൂട്ടാണ്. ജങ്ഷനില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഇവിടെയെത്തുന്നവർ വാഹനങ്ങള്റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നതും. ജങ്ഷനിലെ ഓഡിറ്റോറിയത്തില്‍ വിവാഹങ്ങളുണ്ടെങ്കില് റോഡില്‍ വാഹനങ്ങള്‍ നിറഞ്ഞ് ഗതാഗതം കൂടുതൽ കുരുങ്ങും.
പാലച്ചിറയിൽ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തി ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.