പോക്സോ: രണ്ട് തമിഴ്നാട്ടുകാർ അറസ്റ്റിൽ
text_fieldsവർക്കല: പോക്സോ കേസിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികളെ വർക്കല ടൂറിസം പൊലീസ് പിടികൂടി. പാപനാശം വിനോദസഞ്ചാര മേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമ്മൽ (19), സുഹൃത്തായ 17കാരൻ എന്നിവരാണ് ബുധനാഴ്ച രാത്രി പിടിയിലായത്.
കോയമ്പത്തൂർ പേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇവർ. മൂന്ന് ദിവസം മുമ്പാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവശേഷം ഇവർ വർക്കലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.
തമിഴ്നാട് പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പിയുടെ നിർദേശനാനുസരണം ടൂറിസം പൊലീസ് ബീച്ച് മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്. പ്രതികളെ കോയമ്പത്തൂർ പൊലീസിന് കൈമാറി.