കാപ്പിലിലെ യാത്രദുരിതത്തിന് അറുതിയാവുന്നു, കണ്ണംമൂട്ടിൽ സബ് വേ വരും; ആറ് കോടി അനുവദിച്ചു
text_fieldsകാപ്പിൽ റെയിൽവേ പാളത്തിന് അടിയിലൂടെയുള്ള സബ് വേ വരുന്ന കണ്ണംമൂട് പ്രദേശം
വർക്കല: കാപ്പിലിലെ യാത്രദുരിതത്തിന് അറുതിയാവുന്നു. കണ്ണംമൂട്ടിൽ സബ് വേക്കായി ആറ് കോടി അനുവദിച്ചു. സുഗമമായി ഇടവയിലെത്തി യാത്ര തുടരാനുമുള്ള എളുപ്പമാർഗം ഒരുക്കാനാണ് സബ് വേ നിർമിക്കുന്നത്. കാപ്പിൽ റെയിൽവെ പാളത്തിന് അടിയിലൂടെ നിർദ്ദിഷ്ട കണ്ണംമൂട് സബ് വേക്കാണ് മന്ത്രി കെ.എൻ. ബാലഗോപാൽ ആറ് കോടി രൂപ അനുവദിച്ച് തിങ്കളാഴ്ച ഉത്തരവായത്. ഇടവ ഗ്രാമപഞ്ചായത്തിലെ കാപ്പിൽ നിവാസികളുടെ കാൽ നൂറ്റാണ്ടിലധികമായുള്ള മുറവിളിക്കാണ് ഇതോടെ അന്ത്യമാകുന്നത്.
കാപ്പിൽ റെയിൽവേ സ്റ്റേഷനും രണ്ട് റെയിൽവേ പാളങ്ങളും പ്രദേശത്തെ രണ്ടായി വേർപെടുത്തുകയും ഗതാഗതസൗകര്യം ഇല്ലാതാക്കുകയും ചെയ്തതോടെയാണ് റെയിൽവേ അണ്ടർ പാസേജ് എന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. കാപ്പിൽ പ്രദേശത്തിന്റെ ഒരു ഭാഗത്തുനിന്നും മറുഭാഗത്ത് എത്തിച്ചേരണമെങ്കിൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൂടി ആറ് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഭാഗത്തുള്ളവർക്ക് മറുഭാഗത്തുള്ള കാപ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലോ, ഗവ. എൽ.പി.എസിലെ മക്കളെ പഠിക്കാൻ അയക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. റെയിൽവേ സ്റ്റേഷന്റെ എതിർവശത്ത് ഉള്ളവർക്കും മുക്കം, കണ്ണംമ്മൂട്, മാവുനിന്നവിള, പാറയിൽ, കാട്ടുവിള, തോട്ടുംമുഖം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും മറ്റു ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ ദീർഘദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. കാപ്പിൽ കണ്ണംമ്മൂട് ഭാഗത്ത് റെയിൽവേ അണ്ടർ പാസ്സേജ് /സബ് വേ വരുന്നതോടെ ഗതാഗത സൗകര്യം സുഗമമാകും. 25 വർഷത്തിലേറെയായി ഇടവ ഗ്രാമപഞ്ചായത്ത് ഉന്നയിച്ച പൊതുആവശ്യമായിരുന്നു അണ്ടർ പാസേജ്. പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും മാത്രം ആവശ്യമായതിനാൽ അണ്ടർ പാസ്സേജിന് ആവശ്യമായ തുക പഞ്ചായത്തോ സംസ്ഥാന സർക്കാരോ നൽകണമെന്ന വാദമാണ് റെയിൽവേ ഉയർത്തിയത്. എം.എൽ.എമാരായിരുന്ന അലിഹസ്സനും വർക്കല കഹാറും എം.പിമാരായിരുന്ന വർക്കല രാധാകൃഷ്ണനും എ. സമ്പത്തുമൊക്കെ ഇടപെടുകയും കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കും റെയിൽവെ ഉന്നത ഉദ്യോഗസ്ഥരുടെയും മുന്നിൽ അവതരിപ്പിച്ചതും ഫലം കണ്ടില്ല.
വി. ജോയി എം.എൽ.എ ആയതിനുശേഷം ചെറിയ തുക സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരുന്നു. അതും തുടർനടപടികൾക്ക് വിധേയമായില്ല. 2023ൽ ഇടവ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് എ. ബാലിക്കിന്റെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷനൽ മാനേജർക്ക് അപേക്ഷ നൽകുകയും എസ്റ്റിമേറ്റ് ആവശ്യപ്പെടുകയും ചെയ്തു. കാപ്പിൽ പ്രദേശവാസികളും വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സാമൂഹിക സംഘടനകളും ആവശ്യം ശക്തമായി ഉന്നയിച്ചതോടെയാണ് പഞ്ചായത്ത് ഭരണസമിതി എസ്റ്റിമേറ്റ് വേണമെന്ന ആവശ്യവുമായി റെയിൽവേ സമീപിച്ചത്. തുടർന്ന് 2024ൽ റെയിൽവേ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. 2024 ഫെബ്രുവരിയിൽ റെയിൽവേ ഡിവിഷനൽ സീനിയർ ഫിനാൻസ് മാനേജർ സദാശിവം നൽകിയ എസ്റ്റിമേറ്റിൽ 5.29 കോടി രൂപയാണ് ചെലവായി കാണിച്ചത്. ഇത്രയും തുക നൽകാൻ പഞ്ചായത്തിന് കഴിയില്ല എന്ന് വിലയിരുത്തിയ ഭരണസമിതി എം.എൽ.എയെ സമീപിക്കുകയായിരുന്നു. വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് കഴിഞ്ഞ ബജറ്റിൽ ആറ് കോടി വകയിരുത്തിയത്. കാപ്പിൽ കണ്ണംമ്മൂട് ഭാഗത്ത് റെയിൽവേ അണ്ടർ പാസ്സേജ് /സബ് വേ വരുന്നതോടുകൂടി തദ്ദേശീയരുടെ ഗതാഗത സൗകര്യം സുഗമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.


