വിള്ളലിലൂടെ വെള്ളം ഒഴുകുന്നു; വെട്ടൂരിൽ വാട്ടർ അതോറിറ്റി ഓവർഹെഡ് ടാങ്ക് അപകടഭീഷണിയിൽ
text_fieldsവിള്ളലുകൾ വീണ് വെള്ളം ചീറ്റി ഒഴുകി അപകടാവസ്ഥയിലായ വെട്ടൂരിലെ ഓവർഹെഡ് വാട്ടർ ടാങ്ക്
വര്‍ക്കല: വെട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ ഓവർഹെഡ് ടാങ്ക് പൊട്ടിയൊലിക്കുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും തുടരുമ്പോൾ നാട്ടുകാർ അപകട ഭീഷണിയിലായി. വെട്ടൂർ പഞ്ചായത്തിലാണ് വാട്ടർ അതോറിറ്റിയുടെ കൂറ്റന്‍ ഓവർ ഹെഡ് ടാങ്ക് പൊട്ടിപ്പിളർന്ന് വെള്ളം പുറത്തേക്ക് ചീറ്റി ഒഴുകുന്നത്. പലഭാഗങ്ങളില്‍ നിന്നായി വെള്ളം ശക്തിയോടെ പുറത്തേക്ക് ചീറ്റി ഒഴുകാന്‍ തുടങ്ങിയതോടെ ടാങ്ക് അപകടാവസ്ഥയിലായി. അധികൃതർ അനാസ്ഥ തുടർന്നാൽ ഏതു നിമിഷവും വലിയ അപകടമുണ്ടാകും.
വെട്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള അയന്തിവളവില് കൊച്ചുവിള അര്‍ധനാരീശ്വര ക്ഷേത്രത്തിന് സമീപമാണ് നാട്ടുകാരുടെ സ്വൈരജീവിതത്തിന് ഭീഷണിയായി ടാങ്കുള്ളത്. ചോർച്ച തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. തുടക്കത്തിൽത്തന്നെ നാട്ടുകാർ വിവരം വാട്ടർ അതോറിറ്റിയെയും പഞ്ചായത്തിനെയും മറ്റ് ജനപ്രതിനിധികളെയും അറിയിച്ചിരുന്നു. എന്നാൽ ടാങ്ക് പരിശോധിച്ച് സ്ഥിതി വിലയിരുത്തിനോ ചോർച്ച അടക്കാനോ നടപടിയുണ്ടായില്ല. ഇതോടെ ടാങ്കിലെ വിടവ് വിള്ളലാവുകയും പൊട്ടിയൊലിക്കുകയുമായിരുന്നു. വലിയ വിള്ളലിലൂടെ വേനല്‍ക്കാലത്ത് വലിയ തോതിൽ വെള്ളം പാഴാകുകയാണ്.
കാട്ടുവിള ശുദ്ധജലവിതരണപദ്ധതിയുമായി ബന്ധപ്പെട്ട് 2001ലാണ് 58,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക് നിര്‍മിച്ചത്. അന്ന് മന്ത്രിയായിരുന്ന ടി.എം. ജേക്കബാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കാട്ടുവിള പദ്ധതിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് ഈ ഓവർ ടാങ്കില്‍ എത്തിച്ചാണ് വെട്ടൂര്‍, ചെറുന്നിയൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തുവരുന്നത്. റോഡുവിള, കല്ലുമലക്കുന്ന്, വെട്ടൂര്‍ എസ്.എന്‍. ലക്ഷംവീട് കോളനികള്‍, മേല്‍വെട്ടൂര്‍, കയറ്റാഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെ നിന്നാണ് കുടിവെള്ളം ലഭിക്കുന്നത്.നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈനിലൂടെ കുടിവെള്ളമെത്തുന്ന ടാങ്കാണിത്. അപകടകരമായി നിലകൊള്ളുന്ന ടാങ്കിന്റെ വശങ്ങള് പൊട്ടി ഭയം ജനിപ്പിക്കുന്നവിധം വളരെ ശക്തമായാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. പാർശ്വഭാഗം പാളികളായി അടർന്നുവീഴാനും സാധ്യതയുണ്ട്. ഇത് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനും തടസ്സമാകും. തന്മൂലം പ്രദേശത്ത് കുടിവെള്ളം മുട്ടുന്ന അവസ്ഥയുമുണ്ടാകും.
റോഡരികില്‍ സ്ഥിതി ചെയ്യുന്ന ടാങ്ക് കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി. ചെറിയ ചോര്‍ച്ചയുണ്ടായ സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ചോര്‍ച്ച പരിഹരിക്കാന്‍ ഉള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യേണ്ടതായിവരും. അത് പ്രായോഗികമല്ല.
അപകടാവസ്ഥ വാട്ടർ അതോറിട്ടിയെ അറിയിച്ച നാട്ടുകാർക്ക് ‘നോക്കാം’ എന്ന ഒഴുക്കൻ മറുപടി മാത്രമാണ് കിട്ടുന്നത്. പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശ്നത്തിന് അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.