വർക്കലയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ
text_fieldsചിഞ്ചു, ഡാൻസാഫ് ടീം പിടിച്ചെടുത്ത കഞ്ചാവ്
വര്‍ക്കല: അഞ്ചു കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിലായി. പാരിപ്പള്ളി കോട്ടയ്ക്കാറം കീഴതില്‍ വീട്ടില്‍ ചിഞ്ചുവാണ് (38) പിടിയിലായത്. ഇവര്‍ വാടകക്ക് താമസിച്ചുവന്ന ഇലകമണ്‍ കൊച്ചുപാരിപ്പള്ളിമുക്ക് പുതുവീട്ടില്‍ റോഡിലെ വീട്ടില്‍ നിന്നാണ് ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ റൂറല്‍ ജില്ലാ ഡാന്‍സാഫ് സംഘം പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ വടക്കന്‍ എന്നറിയപ്പെടുന്ന രാജേഷിനൊപ്പമാണ് ചിഞ്ചു കൊച്ചുപാരിപ്പള്ളിമുക്കിലെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷമാണ് രാജേഷിനൊപ്പം ഇവർ താമസമാക്കിയത്.
മാസങ്ങള്‍ക്ക് മുമ്പ് 26 കിലോ കഞ്ചാവുമായി തമിഴ്നാട്ടിൽ അറസ്റ്റിലായ രാജേഷ് ഇപ്പോള്‍ തമിഴ്നാട്ടിലെ ജയിലിലാണ്. തുടര്‍ന്നാണ് ചിഞ്ചു കച്ചവടത്തിലേക്ക് കടന്നത്. ചില്ലറ വിൽപന ഒഴിവാക്കി ഇവർ വൻകിട കച്ചവടത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത് പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാനായിരുന്നു. കുറച്ചുനാളുകളായി ഇവര്‍ റൂറൽ ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ബുധധാഴ്ച അറസ്റ്റ് ചെയ്തത്.
റൂറല്‍ ജില്ല പൊലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. പ്രദീപ്, വര്‍ക്കല ഡിവൈ.എസ്.പി ബി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ക്കല ഡാന്‍സാഫ് എസ്.ഐമാരായ എം. സാഹില്‍, ആര്. ബിജുകുമാര്‍, എ.എസ്.ഐ അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനീഷ്, ഫറൂഖ്, വനിത എ.എസ്.ഐമാരായ ഉഷ, സുധ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി അയിരൂര്‍ പൊലീസിന് കൈമാറിയത്.