വർക്കലയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ
text_fieldsഅറസ്റ്റിലായ സായികുമാർ, അജിത്ത്
വർക്കല: വർക്കലയിലെ വിവിധയിടങ്ങളിൽ നിന്ന് എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരവൂർ പൂതക്കുളം വേപ്പാലമൂട്ടിൽ വാടകക്ക് താമസിക്കുന്ന വർക്കല പാളയംകുന്ന് രമ്യ ഭവനിൽ സായികുമാർ (32), പള്ളിക്കൽ തുമ്പോട് പഴുവടിവിളവീട്ടിൽ അജിത്ത് (35)എന്നിവരാണ് അറസ്റ്റിലായത്.
സായികുമാറിനെ ഊന്നിൻമൂട് ജങ്ഷനിൽനിന്നും അജിത്തിനെ വീട്ടുപരിസരത്തുനിന്നുമാണ് പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി സുദർശന്റെയും നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപിന്റെയും നിർദേശാനുസരണം ഡാൻസാഫ് എസ്.ഐമാരായ സഹിൽ, ബിജുകുമാർ, എസ്.സി.പി.ഒമാരായ അനൂപ്, വിനീഷ്, സി.പി.ഒ ഫാറൂഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അയിരൂർ, പള്ളിക്കൽ പൊലീസിന് പ്രതികളെ കൈമാറി. അജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു