ബൈക്ക് മോഷണം; പ്രതികൾ മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്നാട്ടില്‍നിന്ന് പിടിയിൽ
text_fieldsരാഹുല്‍
വെള്ളറട: ബൈക്ക് മോഷണംപോയതിനെ തുടർന്ന് പ്രതികൾ മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്നാട്ടില്‍നിന്ന് പിടിയിൽ. പനച്ചമൂട് ഉഷസ്സില്‍ ഷിജിന്റെ ബൈക്കാണ് രണ്ടംഗസംഘം കവര്‍ന്നത്. വെള്ളറട പൊലീസിന് വിവരം ലഭിച്ച ഉടന്‍ ചെറിയ കൊല്ല, കാരക്കോണം, കന്നുമാമൂട്, പാറശ്ശാല, കളിയിക്കാവിള ഭാഗങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാര്‍ത്താണ്ഡത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ചിതറാല്‍ ആരുവിളാകം വീട്ടില്‍ രാഹുലും (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ ശശികുമാര്‍, പ്രമോദ്, സിവില്‍ പൊലീസ് ഓഫിസർമാരായ ദീപു, പ്രണവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പനച്ചമൂട്ടില്നിന്ന് മോഷ്ടിച്ച കെ. എല്‍ 22ക്യു 4459 ബൈക്ക് ഓടിച്ചുപോകവേ മാര്ത്താണ്ഡത്തുവെച്ച് മോഷ്ടാക്കൾ പൊലീസിന് മുന്നില്‍ പെടുകയായിരുന്നു. പൊലീസ് ജീപ്പുകൾക്കിടയിൽപെട്ട രാഹുല്‍ അപകടം മണത്ത് ബൈക്ക് ഉപേക്ഷിച്ച് ഓടി. പൊലീസ് ഏറെ ദൂരം പിന്തുടര്ന്നാണ് ഇരുവരെയും പിടികൂടിയത്. രാഹുൽ മുമ്പും ബൈക്ക് മോഷണക്കേസിൽ പ്രതിയായിട്ടുണ്ട്.