പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; സി.സി.ടി.വിയും മോഷ്ടാക്കള്‍ കൊണ്ടുപോയി
text_fieldsപോലീസ് സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു
വെള്ളറട: പൂട്ടിക്കിടന്ന വീട്ടില്‍ മോഷണത്തിനെത്തിയ സംഘം സി.സി.ടി.വിയുമായി കടന്നു. വെള്ളറട പോലീസ് പരിധിയില്‍ യു.പി.എസ്. സ്‌കൂളിന് സമീപം ശ്രീപത്മത്തില്‍ അനിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസം അനില്‍ കുടുംബമായി ബന്ധുഗൃഹത്തിലായിരുന്നു. ഇതറിയാവുന്ന മോഷ്ടാവാണ് കവര്‍ച്ച നടത്തിയത്. വീടിനു മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി മോഷ്ടാവ് കൊണ്ടുപോയി. വീടിന്റെ മുന്‍വശത്തെ ഡോര്‍ കമ്പി കൊണ്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കിടന്നത്. വീട്ടില്‍ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ ഇല്ലായിരുന്നു. രൂപയോ ആഭരണങ്ങളോ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലെ അലമാരകള്‍ പൂട്ടിയിട്ടിരുന്ന എല്ലാ ഡോറുകളും മേശ, ഡ്രോയര്‍ തുടങ്ങിവയെല്ലാം കുത്തിനശിപ്പിച്ചു.
വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ചെറിയ സാധനസാമഗ്രികള്‍ കവര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ അനിലും ഭാര്യയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ ഡോര്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുന്‍വശത്തുകൂടെ കടന്ന മോഷ്ടാവ് മോഷണം നടത്തിയ ശേഷം വീടിന്റെ പിന്‍വശത്തുള്ള ഡോറ് തുറന്നാണ് പോയിട്ടുള്ളത്. ഇന്നലെ രാവിലെ തന്നെ അനില്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, എസ്.ഐ. അന്‍സാര്‍, സിവില്‍ പോലീസുകാരന്‍ ജെയിംസ് എന്നിവരടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി വിശദമായ തെളിവെടുപ്പ് നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അനിലിന്റെ വീടിനു മുന്നിലുള്ള സി.സി.ടി.വി. മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയി. എങ്കിലും സമീപത്തെ സി.സി.ടി.വികള്‍ നിരീക്ഷിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. ഉടമസ്ഥന്‍ സ്ഥത്തില്ലെന്ന് വ്യക്തമായി അറിയാവുന്ന മോഷ്ടാവാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രദേശത്ത് വീട്ടുകാര്‍ വീട് പൂട്ടി ദൂരസ്ഥലത്തേക്ക് പോകുന്നുവെങ്കില്‍ ആ വിവരം പോലീസിനെ അറിയിക്കണമെന്നും പോലീസ് നിർദേശങ്ങള്‍ എല്ലാവര്‍ക്കും മെസ്സേജ് രൂപത്തില്‍ നല്‍കിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. പോലീസ് അന്വേഷണത്തില്‍ മോഷ്ടാവിനെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അനില്‍.


