കുടിവെള്ള പദ്ധതി പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടണമെന്ന് ആവശ്യം
text_fieldsകിഴക്കന്‍മല കുടിവെള്ള പദ്ധതിക്കായി മൂന്നാറ്റ്മുക്കിൽ നിര്‍മിച്ച പമ്പ് ഹൗസ്
വെള്ളറട: ഒറ്റശേഖരമംഗലം പഞ്ചായത്തിലെ ഇണ്ടന്നൂരില്‍ മൂന്നാറ്റുമുക്ക് കുടിവെള്ള പദ്ധതിക്ക് സമീപം ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആര്യങ്കോട് കിഴക്കന്‍ മലയിലെ കുടിവെള്ള പദ്ധതിക്കായി നെയ്യാറില്‍ തടയണ നിർമിച്ചശേഷം പന്നിഫാമിന്റെ സമീപത്തെ ജലനിരപ്പും ഉയര്‍ന്നു. ആര്യങ്കോട്, ഒറ്റശേഖരമംഗലം, പെരുങ്കടവിള എന്നിവിടങ്ങളിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം എത്തിക്കാനുള്ള കിഴക്കിന്മല പദ്ധതിക്കും നിലവില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാറ്റ്മുക്ക് പദ്ധതിക്കും വെള്ളം ശേഖരിക്കുന്നതിന് സമീപത്തെ പന്നിഫാമിൽ നിന്ന് മാലിന്യം കലരാൻ കാരണമായിത്തീരുമെന്നാണ് ആരോപണം.
കിഴക്കന്‍മല കുടിവെള്ള പദ്ധതിക്കായി മൂന്നാറ്റ്മുക്ക് പമ്പ് ഹൗസ് അടുത്തിടെ നവീകരിച്ചിരുന്നെങ്കിലും മാലിന്യം വെള്ളത്തില്‍ കലരുന്നത് തടയാന്‍ നടപടികളെടുത്തിട്ടില്ല. പുറത്ത് നിന്ന് മാലിന്യം ഇവിടെയെത്തിക്കുന്നതായും ഇതുമൂലം ദുര്‍ഗന്ധവും ഈച്ച, കൊതുകുശല്യവും തെരുവുനായ ശല്യവും ഉണ്ടാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.മഴക്കാലത്ത് മാലിന്യം തോടുകളിലൂടെ നെയ്യാറിലേയ്ക്കും കുടിവെള്ള സ്രോതസുകളിലേയ്ക്കും ഒഴുകിയിറങ്ങുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും പറയുന്നു. ഫാമിൽ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പക്ഷികള്‍ മാലിന്യം കൊത്തിയെടുത്ത് കുടിവെള്ള സ്രോതസുകളില്‍ ഇടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
ഫാം അടച്ചുപൂട്ടാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ കോടതിയെ സമീപിച്ചതോടെ നടപടികള്‍ നിര്‍ത്തിവെച്ചു. അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് ബി.ജെ.പി മണ്ഡലം കമിറ്റിയുടെ തീരുമാനം. അതേസമയം, ജനങ്ങളുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്ന ഫാമിനെതിരെ നടപടി സ്വീകരിക്കാന്‍ ഗ്രാമ പഞ്ചായത്തികൃതര് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.ഇതു സംബന്ധിച്ച കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും കോടതി തീരുമാനമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.


