യുവാവിന്റെ പരാക്രമത്തില്‍ പകച്ച് ഒരു ഗ്രാമം
text_fieldsയുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വത്സല
വെള്ളറട: ലഹരിക്കടിപ്പെട്ട യുവാവിന്റെ പരാക്രമത്തില്‍ പകച്ച് ഒരു ഗ്രാമം. പൊലീസ് നടപടിയില്ലെന്ന് ആക്ഷേപം. ഇയാളുടെ പരാക്രമത്തിൽ കുട്ടികളും സ്ത്രീകളും പുറത്തിറങ്ങാന്‍ ഭയക്കുന്നു. മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതോടെ ഭാര്യ രണ്ട് പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചു.
പൊലീസ് ഇടപെടലിലെ വീഴ്ചയെ തുടര്‍ന്ന് മക്കളെയുംകൊണ്ട് ഇവർ പാറശ്ശാലയിലെ കുടുംബവീട്ടിലേക്ക് മാറി. നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവങ്ങളില്‍ പൊലീസ് നടപടി സീകരിച്ചിട്ടില്ല.
മദ്യപിക്കാന്‍ കാശിനുവേണ്ടി യുവാവ് പിതാവിനെ ക്രൂരമായി മര്ദിക്കാറുണ്ടത്രെ. സ്ത്രീകളെയും വഴിയാത്രക്കാതെയും അസഭ്യം പറയുകയും ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുകയുമാണിയാൾ. ഭാര്യ മാറി താമസിക്കുന്നത് അയല്‍വാസികൾ കാരണമാണെന്ന് പറഞ്ഞാണ് പരാക്രമം.
നിരവധി സ്ത്രീകളെ തടഞ്ഞ് നിർത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുള്ളതായാണ് പരാതി. സഹികെട്ട നാട്ടുകാര്‍ അമ്പതോളം പേര് ഒപ്പിട്ട പരാതി മാരായമുട്ടം പൊലീസിന് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച പാല്‍ക്കുളങ്ങര മേലെ തട്ട് പുത്തന്‍വീട്ടില്‍ വത്സലയെ(66) പ്രകോപനമില്ലാതെ കരിങ്കല്ചീള് കൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ ഇവർ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പഞ്ചായത്ത് ജാഗ്രതസമിതിയില്‍ പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നു. എന്നാൽ മദ്യപിച്ചുള്ള പരാക്രമത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് ഭാഷ്യം. ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.