മൈലച്ചല്-പന്തംപാച്ചി-കിഴക്കുംമല പ്രദേശത്ത് കാട്ടുതീ പടര്‍ന്നു
text_fieldsആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചല്, പന്തംപാച്ചി, കിഴക്കന്‍മല പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍
വെള്ളറട: മലയോരമേഖലയിൽ കാട്ടുതീ പടരുന്നത് തുടരുന്നു. ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചല്, പന്തംപാച്ചി, കിഴക്കന്‍മല പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്ന് വ്യാപക നാശനഷ്ടം. ശനിയാഴ്ച ഉച്ചക്കുശേഷമാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഫയര്‍ഫോഴ്സ് സംഘവും ആര്യങ്കോട് ഗ്രാമപഞ്ചായത്തും നാട്ടുകാരും ഒത്തൊരുമയിൽ തീ നിയന്ത്രണവിധേയമാക്കി. ഏക്കര്‍ കണക്കിന് കൃഷിയിടത്തിലാണ് കാട്ടുതീ പടര്‍ന്നത്. റബർ തോട്ടങ്ങളിലടക്കം വ്യാപകമായി കൃഷിനാശമുണ്ടായി. വേനല്‍ കനപ്പെട്ടതോടെ മരങ്ങളിലുള്ള ഇലകള്‍ മുഴുവനും പൊഴിഞ്ഞുവീണതാണ് തീ പടരാനിടയാക്കിയത്.
വഴിയാത്രക്കാരോ ടാപ്പിംഗ് തൊഴിലാളികളോ വലിച്ചെറിഞ്ഞ ബീഡിക്കുറ്റിയില്‍നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. റബര്‍ പുരയിടത്തിൽ പടര്‍ന്ന തീ സമീപപ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ നാട്ടുകാര്‍ സമീപത്തുള്ള ഉണങ്ങിയ ഇലകള്‍ തൂത്തുമാറ്റുകയായിരുന്നു. ഒപ്പം മരച്ചില്ലകള്‍ വെട്ടി അടിക്കുകയും ചെയ്തു. ഇപ്പോള്‍ നിയന്ത്രണവിധേയമാണെങ്കിലും ശക്തമായി കാറ്റ് വീശുന്നത് വീണ്ടും ആളിപ്പടരാനിടയാക്കും. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്.