തദ്ദേശ തെരഞ്ഞെടുപ്പ്; അമ്പൂരിയിൽ പ്രതീക്ഷയോടെ മുന്നണികൾ
text_fieldsവെള്ളറട: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അമ്പൂരി ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് മുന്നണികൾ. നടപ്പാക്കിയ വികസനങ്ങളുടെ പിൻബലത്തിൽ വീണ്ടും തെരെഞ്ഞടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്.
വികസന മുരടിപ്പും ഭരണത്തിലെ പോരായ്മകളും നിരത്തി വോട്ടർമാരെ നേരിടാനുള്ള തീരുമാനത്തിലാണ് എൽ.ഡി.എഫ്. അമ്പൂരി പഞ്ചായത്തിലെ ഒരു വാര്‍ഡ് മുഴുവന്‍ വനപ്രദേശമാണ്. അതില്‍ 11 സെറ്റില്‍മെന്റുകള്‍ ചേര്‍ന്നതാണ് ഒരു വാര്‍ഡ്.
മായത്താണ് ആദ്യം കുടിയേറ്റ കര്‍ഷകര്‍ ചേക്കേറിയത്. നെയ്യാര്‍ ഡാമിന്റെ ഉദ്ഘാടനം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് ചങ്ങല പ്രദേശത്തുള്ള കുടിയേറ്റ കര്‍ഷകരെ കുടിയൊഴിപ്പിച്ചു. തുടര്‍ന്ന് അഞ്ചുചങ്ങല പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഇന്നും പട്ടയമില്ലാത്ത സ്ഥിതിയുണ്ട്.
മായം സ്‌കൂളും പള്ളിയും അഞ്ചു ചങ്ങല പ്രദേശത്തില്‍ ഉള്‍പ്പെട്ടതാണ്. അവിടെയും ഇന്നും പട്ടയ പ്രശ്‌നങ്ങള്‍ നീറുന്ന പ്രശ്‌നമായി തുടരുന്നു. മറ്റ് നിരവധി ആവശ്യങ്ങളും പരാതികളും പരിഹരിക്കപ്പെടാതെയുണ്ട്. കുടിയേറ്റ കര്‍ഷകരുടെ ഈറ്റില്ലമായ പഞ്ചായത്തിൽ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. മുന്നണി സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് സജീവമാണ്.
വികസനക്കുതിപ്പ്
കുരിശുമല, നെല്ലിക്കമല, രാജഗിരി, ചീനിക്കാല, കുന്നിന്‍പുറം എന്നിങ്ങനെ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്കി. പുരവിപല ആദിവാസി ഉന്നതിയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് വാടകക്കെടുത്ത് സര്‍വീസ് ആരംഭിച്ചു. അമ്പൂരി വാഴിച്ചാല്‍ മാര്‍ക്കറ്റുകള്‍ നവീകരിച്ചു.
മാലിന്യ സംസ്കരണത്തിനായി എല്ലാ വാര്‍ഡുകളിലും രണ്ട് മിനി എം.സി.എഫുകള്‍ സ്ഥാപിച്ചു. മാലിന്യം തള്ളുന്നത് തടയുന്നതിനായി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തന മികവിന് രണ്ടുതവണ തുടര്‍ച്ചയായി മഹാത്മ പുരസ്കാരം കരസ്ഥമാക്കി.
നാല് അതി ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നിർമിക്കുന്നതിന് അഞ്ച് സെന്റ് സ്ഥലം വീതം വാങ്ങി നല്കി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരുന്നു വാങ്ങുന്നതിന് 70 ലക്ഷം രൂപ ചെലവഴിച്ചു. ജീവിതശൈലി രോഗങ്ങളുടെ പരിശോധന എല്ലാ വാര്‍ഡുകളിലും ആരംഭിച്ചു. അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിന് വസ്തുവാങ്ങല്‍ നടപടി സ്വീകരിച്ചു.
ലൈഫ് പി.എം.എ.വൈ ഭവന പദ്ധതികള്‍ പ്രകാരം 310 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ചു നല്കി. അമ്പൂരിയുടെ ടൂറിസം വികസനത്തിന് തുടക്കം കുറിച്ചു. അമ്പൂരി കുളം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കാര്‍ഷിക, മൃഗപരിപാലന മേഖലയില്‍ നവീന പദ്ധതികൾ നടപ്പിലാക്കി
- വത്സല രാജു (പഞ്ചായത്ത് പ്രസിഡന്റ്)
വികസന മുരടിപ്പ്
അമ്പൂരി ഗ്രാമപഞ്ചായത്തില്‍ വികസന മുരടിപ്പാണ്. നിലവിലെ ഫണ്ട് യഥാസമയം വിനിയോഗിക്കാതെ ലാപ്‌സാക്കിയ പഞ്ചായത്താണ്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ അല്ലാതെ പുറമേനിന്ന് ഫണ്ടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ പുറമേ കാണാന്‍ കഴിയു.
അമ്പൂരി ജങ്ഷനിൽ സമചതുരത്തിലുള്ള കുളം എട്ടു മൂലയിലായി ചുരുങ്ങി. വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്താതെ കൈയേറ്റം മാത്രമാണ് നടക്കുന്നത്.
കുളം ശുചീകരിക്കാന്‍ പോലും പഞ്ചായത്തിന് കഴിയുന്നില്ല. സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതി നിര്‍ത്തലാക്കി. ജനത്തിന് ഉപകാരപ്രദമായ ഒരു കാര്യങ്ങളും നിറവേറ്റാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. നന്നേ പരാജയമായ ഭരണസമിതിയാണ്ഇപ്പോഴത്തേത്.
- ഷാജി (പ്രതിപക്ഷ നേതാവ്)


