വിഷ കൂണ് കഴിച്ച് ചികിത്സയിലായിരുന്ന ആദിവാസി കുടുംബത്തിന്റെ വീട്ടിൽ കവര്‍ച്ച
text_fieldsമോഹനന് കാണിയുടെ വീടിന് മുന്നില്‍ ഭാര്യ സാവിത്രി കാണിക്കാരി, മക്കളായ അരുണ്‍കാണി, അനശ്വര, അഭിഷേക, സുമയും
വെള്ളറട: അബദ്ധത്തിൽ വിഷകൂണ്‍ കഴിച്ച് കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മോഹനന് കാണിയും കുടുംബാംഗങ്ങളും മടങ്ങിയെത്തിയെത്തിയപ്പോൾ കണ്ടത് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ നിലയില്‍. കാരിക്കുഴി കിഴക്കുംകര വീട്ടില്‍ മോഹനന് കാണിയും അഞ്ച് കുടുംബാംഗങ്ങളും വിഷകൂണ്‍ കഴിച്ച് കാരക്കോണം മെഡിക്കല്‍ കോളജില്‍ ഒമ്പത് ദിവസം ചികിത്സയിലായിരുന്നു.
ചികിത്സ കഴിഞ്ഞ് ഞായറാഴ്ച എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 കിലോ ഷീറ്റ്, 30 കിലോ ഒട്ടുപാല്, ഉണക്കി സൂക്ഷിച്ചിരുന്നതില് രണ്ട്ചാക്ക് അടക്ക എന്നിവയാണ് കവര്‍ന്നത്. വിഷകൂണ്‍ കഴിച്ച് മരണാവസ്ഥയിലായിരുന്നു മോഹനന് കാണിയും കുടുംബാംഗങ്ങളും. വലിയൊരു പ്രതിസന്ധിയില്‍നിന്ന് കരകയറി ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ ഹൃദയഭേദകമായ കാഴ്ചയാണ് ഇവര്‍ക്ക് കാണേണ്ടിവന്നത്.
കുമ്പിച്ചല്‍ കടവ് താമസക്കാരായ ലിനു (28), കുക്കു (32), പാറ്റന്‍ എന്ന് വിളിക്കുന്ന റെജി (46) എന്നിവരടങ്ങുന്ന സംഘം മോഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനായി കൊണ്ടു പോകുന്നത് ചില ആദിവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ വലിവരത്തിൻെർ അടിസ്ഥാനത്തിൽ മോഹനന്‍കാണി നെയ്യാര്‍ ഡാം പൊലീസില്‍ പരാതി നല്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


