ഗതാഗതക്കുരുക്ക് രൂക്ഷം; പനച്ചമൂട് ജങ്ഷനില്‍ റോഡ് കൈയേറി മീൻവണ്ടികൾ
text_fieldsവെള്ളറട-കാരക്കോണം റോഡില്‍ പനച്ചമൂട് ജങ്ഷനില്‍ പുലര്‍ച്ച നാലിന് വാഹനഗതാഗതം
തടസ്സെപ്പട്ട നിലയില്‍
വെള്ളറട: മലയോര ഹൈവേയില്‍ പനച്ചമൂട് ജങ്ഷനില്‍ യാത്ര ദുഷ്കരമാക്കി പുലര്‍ച്ച മുതല്‍ റോഡില്‍ മീന്‍വണ്ടികളുടെ നീണ്ടനിര ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. നവീകരണപ്രവര്ത്തനങ്ങള്ക്കുശേഷവും മത്സ്യം കയറ്റി വരുന്ന ലോറികള്‍ പനച്ചമൂട് മാര്‍ക്കറ്റിനുള്ളില്‍ കയറുന്നില്ല. പല ഭാഗത്തുനിന്നായി വരുന്ന മത്സ്യലോറികൾ നടുറോഡില്‍ നിർത്തിയാണ് ഇവിടെ മത്സ്യമിറക്കുന്നത്. പുലര്‍ച്ച മൂന്നു മുതല്‍ റോഡിന്റെ നിയന്ത്രണം മത്സ്യവാഹനങ്ങൾ ഏറ്റെടുക്കുകയാണ്. ഇതുമൂലം ആംബുലന്‍സ് അടക്കം ഒരു വാഹനത്തിനും കടന്നുപോകാനാകുന്നില്ല എന്നാണ് പരാതി. ഇതുസംബന്ധിച്ച പരാതികള്‍ വെള്ളറട ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ചെവിക്കൊള്ളുന്നില്ല.
വിളിപ്പാടകലെയുള്ള വെള്ളറട പൊലീസ് ഇതൊന്നും കണ്ടഭാവം കാണിക്കുന്നിെല്ലന്നും ആക്ഷേപമുണ്ട്. പാറശ്ശാല ആര്.ടി.ഒ സംഘം രാത്രിയില്‍ ഉറക്കത്തിലുമാണ്. മത്സ്യലോറികളില്നിന്ന് ഒഴുകുന്ന മലിനജലം മുഴുവനും റോഡില്‍ കെട്ടിനിന്ന് റോഡ് ദുര്ഗന്ധപൂരിതമായിട്ടുണ്ട്. മത്സ്യലോറികള്ക്ക് സുരക്ഷിതമായി മാര്‍ക്കറ്റിനുള്ളില്‍ മത്സ്യം ഇറക്കുന്നതിനുള്ള ക്രമീകരണം പഞ്ചായത്ത് അധികൃതര്‍ ഒരുക്കാത്തതാണ് പനച്ചമൂട്ടില്‍ യാത്രക്കാരുടെ ദുരിതത്തിന് കാരണം. അടിയന്തരമായി ഇതിനുള്ള ക്രമീകരണം ചെയ്യണമെന്ന് വ്യാപാരിവ്യവസായികളും നാട്ടുകാരും ആവശ്യപ്പെടുന്നു.