പന്നിമലയിൽ അജ്ഞാതജീവി വളര്‍ത്തുകോഴികളെ കൊന്നു
text_fieldsബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രോഷ്നി, ഷിബു, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുന്നു
വെള്ളറട: പഞ്ചായത്തിലെ പന്നിമല വാര്‍ഡിൽ വളര്‍ത്തുകോഴികളെ അജ്ഞാത ജീവി കൊന്നു. കഴിഞ്ഞദിവസം രാത്രി കൂടുകൾ പൊളിച്ചാണ് കോഴികളെ പിടിച്ചത്. വെട്ടുകുറ്റിയില് സുരേഷ്കുമാറിന്റെ രണ്ടുകൂടുകളിലായി ഉണ്ടായിരുന്ന 25 ഓളം കോഴികളെയാണ് കൊന്നത്. ഒരാഴ്ചക്ക് മുമ്പ് സമീപത്തെ എബനീസര്‍ മോസസിന്റെ പത്തുകോഴികളെ കൊന്നിരുന്നു.
വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് പരുത്തുപള്ളി റേഞ്ച് ഓഫിസില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രോഷ്നി വാച്ചർമാരായ ഷിബു, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. കാൽപാടുകൾ പരിശോധിച്ചതിൽ തെരുവുനായ്കളാണെന്ന് സംശയമുണ്ടെന്നും അവ കൂട്ടമായെത്തി ആക്രമിച്ചതാകാം എന്നാണ് മനസിലാകുന്നതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
സമീപത്തൊന്നും കാമറകള്‍ ഇല്ലാത്തതിനാല്‍ ഏതുജീവിയാണ് കോഴികളെ ആക്രമിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീട്ടുകാര്‍ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് കോഴികള്‍ ചത്തുകിടക്കുന്നത് കണ്ടത്. സമീപത്തും ഏതാനും വീടുകളിലെയും കോഴികളെ കൊന്നിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. മലയോരത്ത് വന്യമൃഗശല്യം കാരണം മറ്റുകൃഷികളൊന്നും ചെയ്ത് ആദായം ലഭിക്കാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞത്.