വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം: ആറുപേർക്ക് സസ്പെൻഷൻ
text_fieldsഅറസ്റ്റിലായ ജിതിൻ
വെള്ളറട: വാഴിച്ചല്‍ കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
ആക്രമണത്തിന് നേതൃത്വം നൽകിയ കോഴിക്കാലന്‍വിള ഇഴയ്‌ക്കോട് വിളവൂര്‍ക്കല്‍ വീട്ടിൽ ജിതിനെ (18) അറസ്റ്റ് ചെയ്തു.
കാട്ടാക്കട കുരുതംകോട് തലക്കോണം ആദിത്യ ഭവനില്‍ എസ്.ആര്‍. ആദിഷിനാണ് മര്‍ദനമേറ്റത്. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലെ ഒന്നാംവര്‍ഷ ബി.കോം (ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) വിദ്യാര്‍ഥിയാണ്. ഒന്നാംവര്‍ഷ ബി.കോം (ഫിനാന്‍സ്) വിദ്യാര്‍ഥിയായ ജിതിനും കൂട്ടുകാരായ അഞ്ചുപേരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
27ന് ഉച്ചക്കായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് മുമ്പ് ജിതിനും സഹപാഠികളും മറ്റൊരു വിദ്യാര്‍ഥിയുമായി വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് വ്യാഴാഴ്ച നടന്ന ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ആദിഷിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദിഷിന്റെ പിതാവ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കി. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ തന്‍സീം അബ്ദുൽസമദ്, സബ് ഇൻസ്പെക്ടര്‍ ഷൈലോക്ക്, എസ്.സി.പി.ഒ വിലാസനന്‍, എ.എസ്.ഐ അജിത്കുമാര്‍, സി.പി.ഒ അഖിലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.