വെള്ളറടയിൽ നീരുറവകളിൽ വെള്ളം വാര്‍ന്നു പോകുന്നില്ല; പകർച്ചവ്യാധി ഭീഷണി
text_fieldsചൂണ്ടിക്കല്‍ -കോട്ടയാംവിള തോട്ടില്‍ മാലിന്യം അടിഞ്ഞ് കൂടിയ നിലയില്‍
വെള്ളറട: ഗ്രാമപഞ്ചായത്തിലെ മിക്ക നീരുറവകളിലും വെള്ളം സുഗമമായി വാര്‍ന്നുപോകാന്‍ സൗകര്യമില്ലാത്തതിനാൽ കെട്ടിനിന്ന് കൊതുകുകള്‍ മുട്ടയിട്ട് പകര്‍ച്ചവ്യാധി ഭീഷണി. മഴക്കാലപൂര്‍വ ശുചീകരണം പഞ്ചായത്തില്‍ പൂര്‍ണമായും നിലച്ച മട്ടാണ്. തോടില്‍ മാലിന്യം നിക്ഷേപിക്കുന്നതും നീരൊഴുക്ക് തടയാന്‍ കാരണമായി.
പഞ്ചായത്തിലെ മിക്ക തോടുകളിലും ജലസ്രോതസ്സുകള്‍ക്ക് വാര്‍ന്നു പോകുവാനുള്ള സൗകര്യമില്ല. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന മിക്ക രോഗികളും പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരാണ്. തോടുകളിലെ വെള്ളത്തിന് ഇടതടവില്ലാതെ വാര്‍ന്നു പോകാന്‍ കഴിയാത്തത് കാരണം വെള്ളം ദിവസങ്ങളായി കെട്ടിനിക്കുന്നു. മലമൂത്ര വിസര്‍ജനവും കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നതും അറവ് ശാലകളിലെ മാലിന്യം ഉള്‍പ്പെടെ കലരുന്നതോടെ വെള്ളത്തില്‍ തൊടുന്ന എല്ലാവര്‍ക്കും പകര്‍ച്ചവ്യാധികള്‍ പടരുന്നുണ്ട്.


