കുരിശുമല അടിവാരത്ത് കാട്ടുതീ പടരുന്നു
text_fieldsകുരിശുമല അടിവാരത്ത് കാട്ടുതീ പടരുന്നു
വെള്ളറട: കുരിശുമല അടിവാരത്തും-മാതാ മലക്ക് സമീപത്തും കാട്ടുതീ പടരുന്നു. 50 ഏക്കറിലധികം കൃഷി ഭൂമിയാണ് അഗ്നിക്കിരയായത്. അഗ്നിരക്ഷാസംഘമെത്തിയെങ്കിലും തീ ഭാഗികമായി നിയന്ത്രിക്കാനെ സാധിച്ചുള്ളൂ. ചൊവ്വാഴ്ച അർധരാത്രി 12നാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടർന്ന് തീ നിയന്ത്രിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച ശക്തമായ കാറ്റില്‍ തീ വീണ്ടും ആളിപ്പടര്‍ന്നു. പാറശാലയില്‍നിന്നും നെയ്യാര്ഡാമില്നിന്നുമെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് മലയുടെ അടിവാരത്തിലെത്താന്‍ കഴിഞ്ഞില്ല. നീളം കൂടിയ ഹോസുകളുടെ സഹായത്തോടെ വെള്ളം ചീറ്റിയാണ് തീ ഭാഗീകമായി നിയന്ത്രിച്ചത്. ഇപ്പോഴും കാട്ടുതീ പടരുന്നത് നാട്ടുകാരിൽ ആശങ്ക പരത്തുന്നുണ്ട്.
കൃഷി ഭൂമി അഗ്നിക്കിരയായത് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. ഒപ്പം, മലയടിവാരത്തിലെ പച്ചമരുന്നുകളുടെ ശേഖരവും അഗ്നിക്കിരയായി. കാറ്റ് ശക്തമായത് തീ നിയന്ത്രണവിധേയമാക്കാൻ വെല്ലുവിളി സൃഷ്ടിക്കുന്നത്. അഗ്നിരക്ഷാസേനക്കൊപ്പം പ്രദേശവാസികളായ റോബര്‍ട്ട്, സനല്‍കുമാര്‍, ആനപ്പാറ നെല്സന് വൈദ്യര്, ആഷിക് എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രദേശവാസികളും തീ നിയന്ത്രണവിധേയമാക്കാൻ രംഗത്തുണ്ട്.