ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് കുറ്റക്കാരൻ
text_fieldsകൊല്ലപ്പെട്ട ശാഖാകുമാരി, പ്രതി അരുൺ
വെള്ളറട: ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീര്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ വില്ലേജില്‍ അരുണ്‍ നിവാസില്‍ അരുണാണ് (32) പ്രതി. കുന്നത്തുകാല്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍വീട്ടില്‍ ശാഖാ കുമാരിയാണ് (52) കൊല്ലപ്പെട്ടത്.
2020 ഡിസംബര്‍ 26ന് പുലര്‍ച്ച 1.30നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം വേണ്ടെന്നുവെച്ച് കഴിഞ്ഞുവന്ന ശാഖാകുമാരി 28 വയസുകാരനായ അരുണുമായി പ്രണയത്തിലായി. തന്റെ സ്വത്തുകള്‍ക്ക് അവകാശിയായി കുഞ്ഞു ജനിക്കണമെന്ന ആഗ്രഹമാണ് ശാഖാകുമാരിയെ പ്രണയത്തിനും പിന്നീട് വിവാഹത്തിനും പ്രേരിപ്പിച്ചത്. 50 ലക്ഷം രൂപയും 100 പവന് സ്വര്‍ണവുമായിരുന്നു അരുണ്‍ വിവാഹ പരിതോഷികമായി ആവശ്യപ്പെട്ടത്.
2020 ഒക്ടോബർ 29നായിരുന്നു വിവാഹം. വിവാഹം രഹസ്യമായിരിക്കണമെന്ന് അരുണ്‍ നിര്‍ബന്ധിച്ചിരുന്നു. വിവാഹശേഷം അരുണ്‍ ഭാര്യവീട്ടില്തന്നെ കഴിഞ്ഞു വന്നു. കുട്ടികള്‍ വേണമെന്ന ആവശ്യത്തോട് അരുണ്‍ വിമുഖത കാണിച്ചു. ഇലക്ട്രീഷ്യനായ അരുണ്‍ വീട്ടില്‍വെച്ചു ഓവന് റിപ്പയര്‍ ചെയ്യുന്നതായി ഭാവിച്ച് ശാഖാകുമാരിയുടെ കൈയില്‍ ഷോക്ക് ഏൽപിക്കാന് ശ്രമിച്ചിരുന്നു. ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി സ്വത്തുക്കളുടെ അവകാശിയാവുകയായിരുന്നു അരുണിന്റെ ലക്ഷ്യം.
ഡിസംബര്‍ 25നു ക്രിസ്മസ് രാത്രി ബന്ധുക്കള്‍ പിരിഞ്ഞശേഷം പ്രതി അരുണ്‍ ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. പുലര്‍ച്ച 1.30ഓടെ കിടപ്പുമുറിയില്‍ വെച്ച് ശാഖാകുമാരിയുടെ വായും മുഖവും അമര്‍ത്തി ബോധം കെടുത്തിയ ശേഷം ഹാളില്‍ എത്തിച്ച് കരുതിവെച്ചിരുന്ന പ്ലഗും വയറും ഉപയോഗിച്ച് ഇലക്ട്രിക് സോക്കറ്റില്‍നിന്ന് വലതു കൈതണ്ടയിലും മൂക്കിലും വൈദ്യുതി കടത്തി കൊലപ്പെടുത്തുകയായിരുന്നു.
കേടായ സീരിയല്‍ ബള്‍ബ് സെറ്റ് ശാഖാ കുമാരിയുടെ മൃതദേഹത്തില്‍ വിതറിയിരുന്നു. ഇരുഭാഗം വാദം കേള്‍ക്കുന്നതിനും വിധി പറയുന്നതിനുമായി കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റി. വെള്ളറട പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം. ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ. അജികുമാര്‍ ഹാജരായി.