സൂപ്പര്‍ മാര്‍ക്കറ്റ് ഗോഡൗണില്‍ തീപിടിത്തം; 1.5 കോടി രൂപയുടെ സാധനങ്ങള്‍ അഗ്നിക്കിരയായി
text_fieldsഗോഡൗണിലുണ്ടായ തീപിടിത്തം
വെഞ്ഞാറമൂട്: സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ തീപിടിത്തം. 1.5 കോടി രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. വെഞ്ഞാറമൂടിന് സമീപം തണ്ട്രാംപൊയ്കയിലുള്ള തവാനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണിലാന് അഗ്നിബാധയുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ ഗോഡൗണില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് എം.സി റോഡിലൂടെ പോവുകയായിരുന്ന വാഹന യാത്രികര്‍ വെഞ്ഞാറമൂട് പൊലീസില്‍ വിവരമറിയിച്ചു.
വെഞ്ഞാറമൂട് അഗ്നിരക്ഷ സേനയെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍, നെടുമങ്ങാട് യൂനിറ്റുകളുടെ സഹായം തേടി. ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും സാധനങ്ങളില്‍ ഏറിയപങ്കും കത്തി നശിച്ചിരുന്നു. ക്രിസ്മസ്, പുതുവര്‍ഷ ഓഫര്‍ വിൽപനക്കായി വന്‍തോതില്‍ സാധനങ്ങള്‍ ശേഖരിച്ചിരുന്നത് കാരണം നഷ്ടത്തിന്റെ വ്യാപ്തി കൂടി. അഗ്നിരക്ഷ സേനയുടെ പ്രവർത്തനം മൂലം സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. നിലമേല്‍ സ്വദേശിയുടേതാണ് സ്ഥാപനം. ഇന്‍വെര്‍ട്ടറിലുണ്ടായ ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.


